
ബീജിംഗ്: നാല് വർഷങ്ങൾക്ക് മുമ്പ്....കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ജനുവരി 23ന് ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരം അടച്ചുപൂട്ടി. വൈകാതെ ലോകമൊട്ടാകെ ലോക്ക്‌ഡൗണുകൾ വ്യാപിച്ചു. അടച്ചുപൂട്ടലുകൾ അപരിചിതമായ രാജ്യങ്ങളും മനുഷ്യരും ഒന്നടങ്കം സ്തംഭിച്ച സമയം. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോക്ക്‌ഡൗണാണ് കൊവിഡിനെ തുടർന്ന് ചൈനയിൽ ഏർപ്പെടുത്തിയത്. ഏപ്രിൽ 8നാണ് വുഹാൻ തുറന്നത്. അതേ സമയം, ഇതാദ്യമായല്ല മാരകരോഗങ്ങളെ തടയാൻ ലോകത്ത് ലോക്ക്‌ഡൗണുകൾ പ്രഖ്യാപിക്കുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില പ്രധാന ലോക്ക്‌ഡൗണുകളിലൂടെ...
വെനീസിലെ പ്ലേഗ്
1348ൽ ബുബോനിക് പ്ലേഗ് അഥവാ 'ബ്ലാക്ക് ഡെത്തി 'ൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ
40 ദിവസത്തേക്ക് കപ്പലുകളും ചരക്കു വാഹനങ്ങളും രോഗബാധ സംശയിക്കുന്നവരും വെനീസിനുള്ളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ്
രോഗബാധിതരെ പാർപ്പിക്കാൻ ഒരു ദ്വീപിൽ പ്രത്യേക കേന്ദ്രം ആരംഭിച്ചു. രോഗ ലക്ഷണങ്ങളുള്ളവരെയും ഇവിടെ നിരീക്ഷിച്ചു
വെനീസിൽ നടപ്പാക്കിയ ഈ ഐസൊലേഷൻ നടപടികൾ അറിയപ്പെട്ടിരുന്നത് ' ക്വാറന്റീനാരിയോ ' എന്നായിരുന്നു. ഇന്നത്തെ ' ക്വാറന്റൈൻ ' എന്ന പദം ഉത്ഭവിച്ചത് ഇങ്ങനെ
ഫിലാഡെൽഫിയയിലെ മഞ്ഞപ്പനി
1793ൽ ഫിലാഡെൽഫിയയിൽ പടർന്നുപിടിച്ച മഞ്ഞപ്പനി കവർന്നത് 5,000ത്തോളം പേരുടെ ജീവൻ
നാവികരെയും മറ്റും പ്രത്യേക ആശുപത്രിയിലാക്കി. ജനങ്ങളെ പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കി
ലോകത്തെ ആദ്യത്തെ ക്വാറന്റൈൻ ആശുപത്രിയായ 'ലാസാറെറ്റോ' സ്ഥാപിച്ചു
കൊതുകുകൾ വഴി രോഗം വ്യാപിച്ചതിനാൽ ലോക്ക്‌ഡൗൺ ഫലപ്രദമായില്ല
ന്യൂയോർക്ക് സിറ്റിയിലെ കോളറ
1832 ജൂണിൽ കാനഡയിലും മറ്റ് സമീപപ്രദേശങ്ങളിലും കോളറ പടർന്നു പിടിച്ചതോടെ ന്യൂയോർക്ക് സിറ്റി മേയർ നിയന്ത്രണം ഏർപ്പെടുത്തി
നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം
എന്നാൽ, ജൂൺ അവസാനത്തോടെ ന്യൂയോർക്കിൽ ആദ്യത്തെ കോളറ കേസ് റിപ്പോർട്ട് ചെയ്തു. 3,500 ഓളം പേരാണ് മരിച്ചത്
ഇൻഫ്ലുവെൻസ വൈറസ്- യൂറോപ്പ്, അമേരിക്ക
1918 - 19 കാലയളവിൽ യൂറോപ്പിലും അമേരിക്കയിലും നിരവധി ഇൻഫ്ലുവൻസ രോഗങ്ങൾ പടർന്നു പിടിച്ചു. 50 ദശലക്ഷം പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ രാജ്യങ്ങളിൽ ലോക്ക്‌ഡൗണുകൾ പ്രഖ്യാപിച്ചു
അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ രോഗബാധിതരെ ഐസൊലേഷനിൽ പാർപ്പിച്ചു
ചൈനയിലെ സാർസ്
2000ത്തിന്റെ തുടക്കത്തിൽ 21ാം നൂറ്റാണ്ടിലെ ആദ്യ മഹാമാരിയെന്ന് വിശേഷിപ്പിക്കുന്ന 'സാർസ് ' (സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം) പൊട്ടിപ്പുറപ്പെട്ടു
ചൈനയിൽ ഉത്ഭവിച്ച സാർസിനെതിരെ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ചൈനയിൽ ബീജിംഗിൽ ഗതാഗത വിലക്ക്
സാർസ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും കാനഡ ക്വാറന്റൈനിലാക്കി
കാനഡയിലെ ടൊറന്റോയിൽ മാത്രം 30,000 പേർ ആശുപത്രിയിലും വീടിലുമായി ഐസൊലേഷനിൽ. ഇതിൽ 250 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.