ayodhya-ram-temple

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന പശ്ചാത്തലത്തിൽ അയോദ്ധ്യയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 13,000ഓളം സുരക്ഷ ഉദ്യോഗസ്ഥരാണ് അയോദ്ധ്യയിലും പരിസരങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെ സ്‌നൈപ്പർമാരടക്കമുള്ളവരെയും നിയോഗിച്ചിട്ടുണ്ട്.


ആന്റി ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിസരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും അപകടമുണ്ടായാൽ അവ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഒരു ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ള 7000ഓളം പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ക്ഷേത്രനിർമ്മാണത്തിനായുള്ള സമരത്തിന്റെ ഭാഗമായവരും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി, കായിക ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയ പ്രമുഖർ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12:20 ന് ആരംഭിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് ഒരു മണിയോടെ സമാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയലുള്ളവരെ അഭിസംബോദന ചെയ്‌തേക്കും. അതേസമയം, ടെലിവിഷനിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ലക്ഷക്കണക്കിന് ആളുകൾ പരിപാടി തത്സമയം കാണുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങൾ ഈ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.