-ayodhya

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ ഏതാനും മണിക്കൂറുകൾ മാത്രമിരിക്കെ കോടിക്കണക്കിന് വിലയുള്ള കാറിന് മുകളിൽ കാവി നിറത്തിലുള്ള സ്റ്റിക്കർ പതിച്ച് യുവാവ്. ആംഡബര കാറായ ജഗ്വാറിന്റെ മുകളിലാണ് രാമഷേത്രത്തിന്റെ പശ്ചാത്തലം ചിത്രീകരിച്ച് സ്റ്റിക്കർ ഒട്ടിച്ചത്. കാർ റോഡിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗുജറാത്തുകാരനായ സിദ്ധാർത്ഥ് ദോഷിയാണ് കാറിന് മുകളിൽ രാമഭഗവാന്റെ ചിത്രം ഉൾപ്പടെ പതിച്ചത്.

കാറിന്റെ വശങ്ങളിൽ ശ്രീരാമന്റെയും രാമായണത്തിന്റെയും ചിത്രങ്ങളുണ്ട്. കാറിന്റെ ബോണറ്റിൽ ക്ഷേത്രഘടനയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്‌കൃത ശ്ലോകങ്ങളും പതിച്ചിട്ടുണ്ട്. ഈ കാറുമായി സിദ്ധാർത്ഥ് സൂറത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള തീർത്ഥാടന യാത്ര പുറപ്പെട്ടിരിക്കുകയാണ്. യാത്രയിലുടനീളമുള്ള ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്തിലെ ആനന്ദിൽ നിന്നുള്ള പാർലമെന്റ് അംഗം മിതേഷ് പട്ടേലിനൊപ്പമുള്ള ചിത്രവും സിദ്ധാർത്ഥ് പങ്കുവച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബിജെപി എംപി മനോജ് തിവാരിയുമായുള്ള ഫോട്ടോയും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലുണ്ട്.

ഇതാദ്യമായല്ല, സിദ്ധാർത്ഥ് തന്റെ കാറിന് മുകളിൽ മാറ്റം വരുത്തുന്നത്. നേരത്തെ ഇന്ത്യ ജി 20 ഉച്ചകോടി തീമിൽ അദ്ദേഹം കാറിൽ സ്റ്റിക്കർ പതിച്ചിരുന്നു. ജി 20 ഗ്രൂപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് എല്ലാ രാജ്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞാണ് അദ്ദേഹം കാറിൽ മാറ്റം വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് സിദ്ധാർത്ഥ് ദോഷി. ജി 20യുടെ പ്രചരണാർത്ഥം സൂറത്തിൽ നിന്നും ഡൽഹിയിലേക്ക് സിദ്ധാർത്ഥ് കാറിൽ യാത്ര ചെയ്തിട്ടുണ്ട്.

'ഈ വർഷം ഇന്ത്യ ജി 20 ന് ആതിഥേയത്വം വഹിക്കുന്നത് ഞങ്ങൾക്കും ഇന്ത്യയ്ക്കും അഭിമാന നിമിഷമാണ്, രാജ്യത്തിലെ ജനങ്ങൾക്ക് ഇതിന്റെ പ്രധാന്യം അറിയിക്കുക എന്നതാണ് എന്റെ കാറിലൂടെയുള്ള യാത്രയുടെ ലളിതമായ സന്ദേശം'- അന്ന് സിദ്ധാർത്ഥ് എഎൻഐയോട് പറഞ്ഞു.