rahuil-gandhi

ദിസ്‌പൂർ: അസമിൽ ക്ഷേത്ര ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. ഇന്ന് പുലർച്ചയോടെയാണ് രാഹുൽഗാന്ധി ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനമായ ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയത്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ നാഗോണിലെത്തിയതായിരുന്നു അദ്ദേഹം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവ‌ർത്തകരും നാഗോണിൽ ഉപരോധം നടത്തുകയാണ്. ഞങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്നും അനുമതി തടയുന്നതിനുവേണ്ടി എന്ത് തെ​റ്റാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ല. ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

reaction

അതേസമയം, കഴിഞ്ഞ ദിവസം ജോ‌ഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കാവിക്കൊടിയേന്തി പ്രതിഷേധവുമായി എത്തിയവർക്കിടയിലേക്ക് രാഹുൽഗാന്ധി ഇറങ്ങിച്ചെന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് രാഹുലിനെ തിരികെ ബസിൽ കയറ്റുകയായിരുന്നു.യാത്രയുടെ നാലാം ദിവസമായ ഇന്നലെ വൈകിട്ട് ബിസ്വന്ത് ജില്ലയിൽ നിന്ന് നാഗോണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.


യാത്രയെ അനു​ഗമിച്ചവർക്കിടയിലേക്കാണ് ജയ് ശ്രീറാം, ജയ് മോദി മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ കടന്നു കയറിയത്.യാത്രയ്ക്കിടെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തിയെന്നും മാദ്ധ്യമ പ്രവർത്തകരെ ഉൾപ്പെടെ മർദ്ദിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. 25ലധികം ബി.ജെ.പി പ്രവർത്തകർ വടിയുമായി ബസിന് മുന്നിൽ നിന്നെന്നും താൻ ഇറങ്ങിച്ചെന്നപ്പോൾ ഓടിപ്പോയെന്നും രാഹുൽ പറഞ്ഞിരുന്നു. അവർക്ക് എത്ര പോസ്റ്ററുകളും പ്ലക്കാർഡുകളും കീറിമുറിക്കാം, ഞങ്ങൾ കാര്യമാക്കുന്നില്ല. ആരെയും ഭയപ്പെടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അസം മുഖ്യമന്ത്രിയെയോ ഭയപ്പെടുന്നില്ല- രാഹുൽ പറഞ്ഞു.