aneeshya

പരവൂർ: പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷന് സമീപം പ്രശാന്തിയിൽ എസ് അനീഷ്യയെ (41) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11.30ഓടെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. മാവേലിക്കര സെഷൻസ് കോടതി ജഡ്‌ജി അജിത്ത് കുമാറാണ് ഭർത്താവ്. സത്യദേവനും പ്രസന്ന കുമാരിയുമാണ് മാതാപിതാക്കൾ. മകൾ - ഇഷാനി.