ayodhya

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യം മുഴുവൻ സംസാരിച്ചുകൊണ്ടിരിക്കുന്നത് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചും ശ്രീരാമനെക്കുറിച്ചുമൊക്കെയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ചർച്ചകൾ വേറെയും.

തങ്ങളുടെ ഭഗവാന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചതിന്റെ ആവേശത്തിലാണ് ശ്രീരാമന്റെ ഭക്തർ. നൂറ്റാണ്ടുകളായി ശ്രീരാമ ഭക്തർ സ്വപ്നം കണ്ടിരുന്ന ധന്യമുഹൂർത്തമാണെത്തിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ മുഖംതന്നെ മാറ്റിമറിക്കാൻ വഴിയൊരുക്കിയ ക്ഷേത്രമാണിത്.

ayodhya-temple

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ബഹുമാനവും ആരാധനയുമൊക്കെ വിവിധ രീതികളിലാണ് ഭക്തർ പ്രകടിപ്പിക്കുന്നത്. സ്വർണപാദുകം, 3610 കിലോ ഭാരവും 108 അടി നീളവുമുള്ള കൂറ്റൻ ചന്ദനത്തിരി, ശ്രീലങ്കയിലെ അശോക വനത്തിലെ കല്ല്, മഹാരാഷ്ട്രയിലെ അമരാവതി ഗ്രാമത്തിൽ നിന്ന് എത്തിച്ച 550 കിലോ ജൈവ കുങ്കുമം ഇങ്ങനെ അമൂല്യമായ സമ്മാനങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്കെത്തിച്ച ഭക്തരുണ്ട്.

ram-lalla

എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ രാമനോടുള്ള ആരാധന പ്രകടിപ്പിക്കുന്ന ചിലരും നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിൽ ശരീരം മുഴുവൻ രാമന്റെ പേര് പച്ചകുത്തി തങ്ങളുടെ ആരാധന പ്രകടിപ്പിക്കുന്ന രാമനാമികളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

രാമനാമികൾ (Ramnamis)


ശ്രീരാമന്റെ അനുയായികളാണ് രാമനാമികൾ. കാവി വസ്ത്രം ധരിക്കുക, തല മൊട്ടയടിക്കുക... അങ്ങനെ പല രീതികളിൽ രാമനിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. അതിനാൽത്തന്നെ രാമനാമികൾ തല മൊട്ടയടിച്ചോ, കാവി വസ്ത്രത്തിലോ ഒക്കെയാണ് രാമനെ ആരാധിക്കുന്നത്.

രാമനാമി സമാജത്തിലുള്ളവർ‌ ഒരു നൂറ്റാണ്ട് മുമ്പാണ് അവരുടെ ശരീരത്തിലും മുഖത്തും രാമന്റെ പേര് പച്ചകുത്താമെന്ന സുപ്രധാന തീരുമാനമെടുത്തത്. മുതിർന്ന രാംനാമികൾ ആണ് ടാറ്റു ചെയ്തുകൊടുക്കുന്നതെന്നാണ് വിവരം. സൂചികൾ ഉപയോഗിച്ച്, അത്രയും വേദന സഹിച്ചാണ് ദേഹം മുഴുവൻ ശ്രീരാമന്റെ പേര് ആലേഖനം ചെയ്യുന്നത്. മൺപാത്രത്തിലാണ് ഇതിനായുള്ള മഷി ഉണ്ടാക്കുന്നത് .

ലിംഗസമത്വത്തിന് മുൻഗണന നൽകുന്നവരാണ് രാമനാമികൾ. മയിൽപ്പീലികൾകൊണ്ട് അലങ്കരിച്ച തലപ്പാവ് ധരിക്കുന്നു. നൃത്തം ചെയ്യുമ്പോഴും ഭജന നടത്തുമ്പോഴുമൊക്കെ ഇവർ ഈ തലപ്പാവ് ധരിക്കാറുണ്ട്

ramnamis

രാമനാമി സമാജ് (Ramnami Samaj)

ജാതി വ്യവസ്ഥയ്‌ക്കെതിരായ സമാധാനപരമായ ചെറുത്തുനിൽപ്പെന്ന നിലയിലായിരുന്നു രാമനാമികൾ ആദ്യമായി രംഗത്തുവന്നതെന്നാണ് നരവംശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. 19ാം നൂറ്റാണ്ടിൽ മദ്ധ്യ, വടക്കൻ ഛത്തീസ്ഗഢിലാണ് രാമനാമി സമാജ് ഉയർന്നുവന്നത്.

അതുവരെ ഉണ്ടായിരുന്ന ഹൈന്ദവ പ്രാർത്ഥനാരീതികളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇവരുടെ ആരാധന. രൂപമില്ലാത്ത ദൈവങ്ങളെയാണ്‌ രാമനാമികൾ ആരാധിക്കാൻ തുടങ്ങിയത്. അവർ രാമനെ 'യഥാർത്ഥ ദൈവം' എന്നാണ് അഭിസംബോധന ചെയ്യുന്നത്. എന്നിരുന്നാലും വിഗ്രഹത്തെ ആരാധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു.

ramnamis-tattoo

ഏതെങ്കിലും രീതിയിലുള്ള ആരാധനാരീതി തിരഞ്ഞെടുക്കുന്നതിനുപകരം തങ്ങളുടേതായ രീതിയിൽ, ദേഹത്ത് രാമന്റെ പേര് പച്ചകുത്തിയാണ് ഇവർ തങ്ങളുടെ ആരാധന പ്രകടിപ്പിക്കുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുംപോലെ, രാമൻ സർവ്വവ്യാപിയാണെന്നും എല്ലായിടത്തും ഉണ്ടെന്നുമുള്ള തങ്ങളുടെ വിശ്വാസം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. 'പ്രാണപ്രതിഷ്ഠ' ചടങ്ങിന് മുന്നോടിയായി ഛത്തീസ്ഗഢ് സർക്കാർ നേരത്തെ സംസ്ഥാനത്ത് രാംനാമി മേള സംഘടിപ്പിച്ചിരുന്നു.

ramnami-fair

150 വർഷം മുമ്പത്തെ പ്രവചനം

അയോദ്ധ്യയിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെപ്പറ്റി ഒന്നരനൂറ്റാണ്ട് മുമ്പ് തങ്ങളുടെ പൂർവ്വികർ പ്രവചിച്ചിരുന്നതായി അടുത്തിടെ രാമനാമികൾ അവകാശപ്പെട്ടിരുന്നു. ശ്രീരാമനെ ആരാധിക്കുന്നവർക്ക് അദ്ദേഹവുമായി (രാമൻ) ആഴത്തിലുല്ള ബന്ധമുണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് രാമനാമികളുടെ വിശ്വാസം.

വീടുകളിലും ശ്രീരാമന്റെ പേര്

ഛത്തീസ്ഗഡിലെ സറൈകേല ഗ്രാമത്തിലെ സെജ്വാന തന്റെ കുട്ടിക്കാലം തൊട്ട് ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ട്. രാമനാമി പാരമ്പര്യത്തിന്റെ നാലാം തലമുറയിൽപ്പെട്ടവളാണ് സെജ്വാന. ഈ പെൺകുട്ടിയുടെയും അയൽവീടുകളുമൊക്കെ ശ്രീരാമന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. എന്തിനേറെപ്പറയുന്നു വസ്ത്രങ്ങളിൽവരെ ശ്രീരാമന്റെ പേരെഴുതിയിട്ടുണ്ട്.