l-k-adwani

ലക്‌‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി പങ്കെടുക്കില്ല. ഉത്തർപ്രദേശിലെ അതിശൈത്യം കാരണം വരാനാകില്ലെന്നാണ് വിശദീകരണം.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിലേയ്ക്ക് വരരുതെന്ന് ഇരുവരോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞത്.

“ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യർത്ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു,” എന്നാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞമാസം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. അദ്വാനിക്ക് ഇപ്പോൾ 96 വയസുണ്ട്, ജോഷിക്ക് ഈ മാസം 90 തികയും.

അതേസമയം, അദ്വാനി ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു വി എച്ച് പി നേതാവ് അലോക് കുമാർ ഈ മാസമാദ്യം പറഞ്ഞത്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും അലോക് കുമാർ വ്യക്തമാക്കിയിരുന്നു.

ചടങ്ങ് വീക്ഷിക്കാൻ ആറായിരത്തോളം വിശിഷ്ട അതിഥികളെയാണ് ക്ഷണിച്ചിട്ടുള്ളത്. വി ഐ പികളെ ലക്‌നൗവിൽ നിന്ന് ക്ഷേത്രത്തിലെത്തിക്കാൻ ഗ്രീൻ കോറിഡോർ തുറന്നിട്ടുണ്ട്. നടൻ രജനീകാന്ത്, ക്രിക്കറ്റ് താരം അനിൽ കുംബ്ലെ തുടങ്ങിവർ ഇന്നലെതന്നെ അയോദ്ധ്യയിലെത്തിയിരുന്നു.

അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കും ക്ഷണമുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചടങ്ങിനെത്തില്ല. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ എത്തിയേക്കും. അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എത്തില്ല.

മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നില്ല. പകരം സ്വാമി അമൃത സ്വരൂപാനന്ദ പുരിയാണ് എത്തുന്നത്. ​രാജ്യത്തെ​ 150​-ൽ​പ്പ​രം​ ​ഗു​രു​പ​ര​മ്പ​ര​ക​ളി​ലെ​ ​ആ​ചാ​ര്യ​ന്മാ​ർ​ ​പ്രാ​ണ​പ്ര​തി​ഷ്ഠ​ ​ച​ട​ങ്ങി​ന് ​അ​നു​ഗ്ര​ഹ​വു​മാ​യി​ ​എത്തും.​ ​ആ​ദി​വാ​സി,​ ​ഗി​രി​വാ​സി​ ​തു​ട​ങ്ങി​ ​ഗോ​ത്ര​വ​ർ​ഗ​ ​പാ​ര​മ്പ​ര്യ​ത്തി​ൽ​ ​നി​ന്ന് 50​ൽ​പ്പ​രം​ ​പ്ര​തി​നി​ധി​ക​ളും​ ​പ​ങ്കെ​ടു​ക്കും. 55 രാജ്യങ്ങളിലെ 100ൽപ്പരം പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.