vadakara

കോഴിക്കോട്: വടകര തിരുവള്ളൂർ മഹാശിവക്ഷേത്രത്തിന് സമീപം യുവതിയെയും രണ്ടുമക്കളെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില- 24), മക്കളായ കശ്യപ് (6), വെെഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്.

ഭർത്താവ് നിധീഷ് ശനിയാഴ്ച രത്രി പാനൂരിൽ പൂജയ്ക്കായി പോയതായിരുന്നു. ഞായറാഴ്ച രാവിലെ അഖിലയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് 1.30ഓടെ നിധീഷ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളിൽ കണ്ടെത്തിയത്. നിധീഷിനെ ഇഷ്ടമാണെന്നും അടുത്തജന്മത്തിൽ ഒന്നിച്ചുജീവിക്കാമെന്നും അച്ഛനെയും അമ്മയെയും നോക്കണമെന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ആദ്യം ഇളയകുട്ടിയായ വെെഭവിനെയാണ് കിണറ്റിൽ കണ്ടത്. നിധീഷ് ഉടനെ നാട്ടുകാരെ വിളിച്ചുകൂട്ടി വെെഭവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് വടകരയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് അഖിലയെയും മൂത്തമകനെയും പുറത്തെടുത്തത്. കശ്യപിനെ അഖിലയുടെ ശരീരത്തോട് തുണികൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു. മൂന്നുപേരുടെയും മൃതദേഹം വടകര ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ സുധീർകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.