uae-expats

അബുദാബി: റോഡ്-ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ട് തന്നെ നിയമലംഘനങ്ങൾ വളരെ കുറവ് മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. റോഡിൽ ഡ്രൈവർമാർ സ്വീകരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കൃത്യമായ അവബോധവും അധികൃതർ നൽകാറുണ്ട്. ഇപ്പോഴിതാ പ്രവാസികൾ അടക്കമുള്ള ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അബുദാബി പൊലീസ്.

സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോഴും ഇന്ധനം നിറയ്ക്കുമ്പോഴും വാഹനത്തിന്റെ എഞ്ചിൻ ഓൺ ചെയ്ത് ഡ്രൈവർ പുറത്തിറങ്ങിയാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് അബുദാബി പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത്തരക്കാരിൽ നിന്നും 500 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അബുദാബി പൊലീസ് അറിയിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാനും ഇന്ധനം നിറയ്ക്കുന്നതിനും എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വേണ്ടിയും വാഹനത്തിന്റെ എഞ്ചിൻ ഓൺ ചെയ്ത് ഡ്രൈവർമാർ ഇറങ്ങിപ്പോകുന്ന സംഭവം വ്യാപകമാകുന്നുണ്ട്.

ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നത്. കൂടാതെ ദുർബ്ബല ചിന്താഗതിക്കാരായ ചിലർ നിങ്ങളുടെ വാഹനം മോഷ്ടിക്കുന്നതിന് ഈ രീതി കാരണമായേക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ചിലർ ഇത്തരത്തിൽ വാഹനം ഓൺ ചെയ്ത് കുട്ടികളെ തനിച്ചാക്കി പോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.