accident

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. മണലുവിശ സ്വദേശി ജിജിന്റെയും രേഷ്‌മയുടെയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി അദ്ധ്യാപികയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപിക വിചിഷ (40) ആണ് മരിച്ചത്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്തുവച്ചാണ് വിചിഷയെ വാഹനമിടിച്ചത്. വിചിഷയുടെ ഭര്‍ത്താവ് സ്വരൂപ് ബംഗളൂരുവില്‍ എഞ്ചിനീയറാണ്. പോളിടെക്‌നിക് വിദ്യാര്‍ത്ഥി ശ്രാവണ്‍ മകനാണ്. അച്ഛന്‍: പരേതനായ കെ.വി. ചന്ദ്രന്‍, അമ്മ: വത്സല, സഹോദരി: സുചിഷ. കോഴിക്കോട് തിക്കോടി സ്വദേശിയാണ് മരിച്ച വിചിഷ.