
ഇന്നത്തെ തൊഴിൽ മേഖലയിൽ ആധിപത്യം പുലർത്തി നിൽക്കുന്ന ഒന്നാണ് കോർപ്പറേറ്റ് മേഖല. സാങ്കേതിക വിദ്യയുടെ വളർച്ച തൊഴിലിടങ്ങളിലും എത്തിയപ്പോൾ കായികാധ്വാനമുള്ള ജോലികൾ കുറഞ്ഞു. ഇന്ന് ജോലികൾ മുക്കാൽ ശതമാനവും കമ്പ്യൂട്ടറിലായി. ഡിജിറ്റൽ യുഗത്തിൽ കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം നമ്മുടെ സന്തതസഹചാരിയായി മാറിയപ്പോൾ മറ്റൊന്ന് കൂടി ഒപ്പമെത്തി, രോഗങ്ങൾ. പലവിധ ജീവിതശൈലീ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വലുതാണ്.
സിറ്റിംഗ് ഡിസീസ്
കൂടുതൽ നേരത്തെ ഇരിപ്പ് കൊല്ലുമെന്ന് (സിറ്റിംഗ് ടൂമച്ച് കിൽസ്) മിക്കവാറും പഠനങ്ങളും പറയുന്നു. കൂടുതൽ സമയത്തെ ഇരിപ്പ് മുപ്പതിലധികം വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുന്നു. യാതൊരുവിധ ചലനങ്ങളുമില്ലാതെ ഒരാൾ എട്ടുമുതൽ പത്തുമണിക്കൂർവരെ ഒരു ഇരിപ്പിടത്തിൽ ഇരിക്കുന്നതിനെയാണ് സിറ്റിംഗ് ഡിസീസ് എന്ന് വിളിക്കുന്നത്. ദിവസവും എട്ട് മണിക്കൂറിൽ കൂടുതൽ ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഇരിക്കുന്നവർക്ക് അമിതവണ്ണവും പുകവലിയും മൂലം മരിക്കുന്നതിന് സമാനമായ അപകടസാദ്ധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
രോഗങ്ങൾ
അമിതമായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ ദീർഘകാലം നിലനിൽക്കുന്ന മസ്‌കുലോസ്‌കെലിറ്റൽ ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. ആദ്യഘട്ടങ്ങളിൽ അസ്വസ്ഥത, ക്ഷീണം, ശരീരത്തിൽ കാഠിന്യം തോന്നുക എന്നിവ അനുഭവപ്പെടും. പിന്നീടിത് മസിലുകളുടെയും എല്ലുകളുടെയും അസന്തുലിതാവസ്ഥയ്ക്കും നടുവേദനയ്ക്കും ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളിലേയ്ക്കും നയിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ദീർഘനേരം ഇരിക്കുന്നത് കാറ്റെകൊലാമിൻസ് എന്ന ഹോർമോണിന്റെ അമിത ഉത്‌പാദനത്തിന് കാരണമാവുകയും ഹൈപ്പർടെൻഷൻ ഉണ്ടാക്കുകയും ചെയ്യുന്നു. യുവാക്കളിൽ ഹൈപ്പർടെൻഷൻ വ്യാപകമാവുകയാണെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. ടെന്നീസ് എൽബോ, തോൾ വേദന, കഴുത്ത് വേദന, ഉയർന്ന രക്തസമ്മർദ്ദം, കുറഞ്ഞ മെറ്റബോളിസം നിരക്ക്, ഏകാഗ്രതയുടെ അഭാവം എന്നിവയും സിറ്റിംഗ് ഡിസീസ് മൂലമുണ്ടാവുന്നു.
സിറ്റിംഗ് ഡിസീസ് മൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങളാണ് ഹൃദയാഘാതവും പക്ഷാഘാതവും ടൈപ്പ് ടു ഡയബറ്റീസും. കൂടുതൽ നേരം ഇരിക്കുമ്പോൾ ശരീരത്തിലെ വലിയ മസിലുകൾ വിശ്രമാവസ്ഥയിലാകുന്നു. ഇത്തരം സമയങ്ങളിൽ ചെറിയ അളവിൽ മാത്രമായിരിക്കും ശരീരത്തിലെ ഗ്ളൂക്കോസിനെ മസിലുകൾ വലിച്ചെടുക്കുക. ഇത് പിന്നീട് ടൈപ്പ് 2 ഡയബറ്റീസിനെ വിളിച്ചുവരുത്തും.
ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യത്തെയും ഇരുന്നുള്ള ജോലി സാരമായി ബാധിക്കും. സമ്മർദ്ദം ഉയർത്തുകയും ഉത്‌പാദനശേഷി കുറയ്ക്കുകയും ചെയ്യും.
പരിഹാരമുണ്ട്
ഇടയ്ക്കിടെ നടക്കുകയും ശരീരം ചലിപ്പിക്കുകയും ചെയ്യുന്നത് മാത്രമാണ് സിറ്റിംഗ് ഡിസീസ് മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങളെ അകറ്റാനുള്ള ഏകവഴി.