
ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാൻ 'triservice women Contingent' ഒരുങ്ങുന്നു. കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ സൈനികരാണ് ഇതിന്റെ ഭാഗമായി പരേഡിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് ഈ മൂന്ന് വിഭാഗത്തിലെയും വനിതാ വിഭാഗം റിപ്പബ്ലിക് പരേഡിന്റെ ഭാഗമാകുന്നത്.
മൂന്നു സേനകളിൽ നിന്നുമുള്ള 144 വനിതാ സൈനികരാണ് പങ്കെടുക്കുന്നത്. 'നാരിശക്തി'ക്ക് മുൻഗണന നൽകി നടത്തുന്ന ഇത്തവണത്തെ പരേഡിൽ കരസേനയിൽ നിന്നുമുള്ള 48 വനിതാ സൈനികർ ഉണ്ട്. ഇതിൽ എട്ട് പേർ നമ്മുടെ കേരളത്തിൽ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്‌ട്രപതിഭവനിൽ നിന്നും തുടങ്ങി രാജ്‌പഥിലെ ഇന്ത്യഗേറ്റിൽ കൂടി ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്ന പരേഡിൽ, കരസേന നാവികസേന വ്യോമസേന എന്നിവരുടെ വനിതാ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ മാർച്ച്പാസ്റ്റ് നടത്തുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ഇവരിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്നത്.

ഇന്ത്യൻ ആർമിയിലെ വൂമൺ പൊലീസായ ലാൻസ് നായ്ക് ഗൗരി എസ് ആർ (തിരുവനന്തപുരം), ലാൻസ് നായ്ക് മാളു എ (കൊല്ലം), ലാൻസ് നായ്ക് അർച്ചന പി എസ് (തിരുവനന്തപുരം), ലാൻഡ് നായ്ക് ജനിക ജയൻ (കൊല്ലം), അഗ്നിവീർ പ്രിയദർശിനി ആർ (പാലക്കാട്), അഗ്നിവീർ നവ്യ അജയൻ (തിരുവനന്തപുരം), അഗ്നിവീർ അശ്വതി കെ. യു (തൃശൂർ), അഗ്നിവീർ ജോസ്ന പി ഡി (വയനാട്). എന്നിവരാണ് കേരളത്തിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥർ. ഇതിൽ നാലുപേർ ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ സൈനിക പൊലീസ് ബാച്ചിൽ (2019) ഉള്ളവരും നാലുപേർ ഇന്ത്യൻ ആർമിയിലെ ആദ്യ അഗ്നിവീർ ബാച്ചിൽ (2023) ഉള്ളവരും ആണ്.

2019ലാണ് വനിതകൾ ആദ്യമായി മിലിട്ടറി പൊലീസിൽ എത്തുന്നത്. 100 വനിതകളുടെ ആദ്യ ബാച്ചിൽ ആറുമലയാളികൾ ഉണ്ടായിരുന്നു. ആദ്യ ബാച്ച് 61 ആഴ്ചത്തെ ട്രെയിനിംഗ് പൂർത്തിയാക്കി 2021 ജൂണിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലെ യൂണിറ്റുകളിൽ പോസ്റ്റിംഗ് ആയി. 2023 മാർച്ചിലാണ് രണ്ടാം ബാച്ച് അഥവാ അഗ്നിവീർ ബാച്ചിനെ വിളിക്കുന്നത്. ഇവർ കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്രെയിനിംഗ് പൂർത്തിയാക്കി.
ആർമിക്കുള്ളിലെ പൊലീസിന്റെ ഡ്യൂട്ടികളാണ് പ്രധാനമായും ആർമി പൊലീസ് വനിതാ വിഭാഗം ചെയ്യുന്നത്. സെെനിക പരിശീലനം, പ്രൊവോസ്റ്റ് പരിശീലനം (പൊലീസ് ഡ്യൂട്ടി, ട്രാഫിക് മാനേജ്മെന്റ്), ഡ്രൈവിംഗ് ആൻഡ് മെയ്ന്റൻസ് തുടങ്ങിയ പരിശീലനങ്ങളാണ് നൽകുന്നതെന്ന് ലാൻസ് നായ്ക് ഗൗരി എസ് കേരളകൗമുദി ഓൺലെെനിനോട് പറഞ്ഞു.

ഇന്ത്യൻ ആർമി, നാവികസേന,വ്യോമസേന എന്നീ വിഭാഗങ്ങളിൽ ഇതുവരെ ഓഫീസർ ലെവലിൽ മാത്രമേ വനിതാകൾ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാണ് ജനറൽ ഡ്യൂട്ടിയ്ക്ക് വനിതകളെ എടുക്കുന്നത്. ഇതിലെ ആദ്യബാച്ച് തുടങ്ങിയത് 2019ലാണ്. ആകെ രണ്ട് ബാച്ച് മാത്രമെ ഇതുവരെ വിളിച്ചിട്ടുള്ളു.