mohan-bhagwat

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ മുഴുവൻ രാജ്യവും ആനന്ദത്തിലാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് പ്രധാനമന്ത്രി കഠിനവ്രതത്തിലായിരുന്നു. എത്രയാണോ നിർദേശിച്ചിരുന്നത് അതിലും കഠിനമായിട്ടായിരുന്നു അദ്ദേഹം വ്രതം അനുഷ്ഠിച്ചത്. നരേന്ദ്ര മോദി തപസ്വി ആണ്. എന്നാൽ അദ്ദേഹത്തെക്കൊണ്ട് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ സാധിക്കില്ല. നമ്മളും ആകുന്നവിധം കാര്യങ്ങൾ ചെയ്യണമെന്ന് പ്രസംഗത്തിൽ മോഹൻ ഭഗവത് പറഞ്ഞു. പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകം മുഴുവൻ സന്തോഷത്തിന്റെ അന്തരീക്ഷത്തിലാണ്. 500 വർഷങ്ങൾക്കുശേഷം അയോദ്ധ്യയിൽ രാംലല്ല തിരികെയെത്തിയിരിക്കുന്നു. കലഹങ്ങളെത്തുടർന്നാണ് രാമന് അയോദ്ധ്യവിട്ട് പോകേണ്ടിവന്നത്. പതിനാല് വർഷത്തെ വനവാസത്തിനുശേഷമാണ് അദ്ദേഹം തിരികെയെത്തിയത്. അദ്ദേഹത്തിന്റെ തപസ്യയുടെയും ത്യാഗത്തിന്റെയും ഫലമായാണ് ഇന്ന് ഈ സുവർണദിനം നാം വീക്ഷിക്കുന്നത്. പ്രധാനമന്ത്രി ചെയ്ത കാര്യങ്ങൾ നമ്മളും ചെയ്യേണ്ടതായുണ്ട്. ഇന്ന് അയോദ്ധ്യയിൽ രാം ലല്ലയോടൊപ്പം ഇന്ത്യയുടെ അഭിമാനവും തിരികെയെത്തിരിക്കുന്നു. ഇന്നത്തെ ചടങ്ങുകൾ പുതിയ ഭാരതത്തിന്റെ പ്രതീകമാണ്. ദുരന്തങ്ങളിൽ നിന്ന് ലോകത്തിന് ആശ്വാസം നൽകുന്ന ദിവസം വരുമെന്നതിന്റെ സൂചനയാണിത്'- ആ‌ർ എസ് എസ് മേധാവി വ്യക്തമാക്കി.

അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്‌ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിലാണ് നടന്നത്. കൈയിൽ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദിയാണ് പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മോഹൻ ഭഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരുന്നു. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതായിരുന്നു മുഖ്യ പരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള 14 ദമ്പതികൾ 'മുഖ്യ യജമാൻ' പദവിയിൽ ചടങ്ങിൽ സംബന്ധിച്ചു.