
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് സ്വന്തം സിനിമാ സെറ്റിൽ വിളക്ക് തെളിച്ച് നടൻ ഉണ്ണി മുകുന്ദൻ. 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ സെറ്റിലാണ് പൂജ നടത്തിയത്. ഇതിന്റെ വീഡിയോ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. രാമന്റെ വിഗ്രഹത്തിന് മുന്നിൽ തിരി തെളിക്കുന്നതും പൂജ നടത്തുന്നതും അണിയറപ്രവർത്തകരും ഉണ്ണിയും ജയ് ശ്രീറം വിളിക്കുന്നതും വീഡിയോയിൽ ഉണ്ട്.
തന്നെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും ഉണ്ണി പ്രതികരിച്ചു. ഷൂട്ട് ഉള്ളതിനാൽ അയോദ്ധ്യയിലേക്ക് നേരിട്ടുപോകാൻ സാധിച്ചില്ലെന്നും പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും ഉണ്ണി കൂട്ടിച്ചേർത്തു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അയോദ്ധ്യയിൽ പോകുമെന്നും താരം വ്യക്തമാക്കി. പൂജ ചടങ്ങിൽ സംവിധായകൻ വിനയ് ഗോവിന്ദ്, നടൻ കൃഷ്ണപ്രസാദ്, നിർമാതാവ് സജീവ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.
ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ചിത്രത്തിൽ നിഖില വിമലാണ് നായിക. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.