pic

മോസ്കോ : ഉടമകളോടൊപ്പം സഞ്ചരിച്ച വളർത്തുപൂച്ചയെ ട്രെയിനിൽ നിന്ന് വനിതാ കണ്ടക്ടർ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ക്ഷമാപണവുമായി റഷ്യൻ റെയിൽവേയ്സ്. ജനുവരി 11നായിരുന്നു സംഭവം. മോസ്‌കോയുടെ കിഴക്കുള്ള കിറോവ് നഗരത്തിൽ വച്ചാണ് ജിഞ്ചർ,​ വെള്ള നിറത്തിലുള്ള ' ട്വിക്സ് ' എന്ന പൂച്ചയെ ട്രെയിനിലെ കണ്ടക്ടർ പുറത്തെ മഞ്ഞിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഉടമകൾക്കൊപ്പം പ്രത്യേക കൂടിനുള്ളിലായിരുന്നു ട്വിക്സ്. എന്നാൽ എങ്ങനെയോ അതിനുള്ളിൽ നിന്ന് പുറത്തുകടന്ന ട്വിക്സ് ട്രെയിന്റെ ഉള്ളിലൂടെ ഓടിനടന്നു. ഇതുകണ്ട് തെരുവ് പൂച്ചയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കണ്ടക്ടറുടെ ക്രൂരത. പുറത്തുവീണ ട്വിക്സിനെ കണ്ടെത്താൻ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ കിറോവിലെ റെയിൽവേ സ്​റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തി. ഒടുവിൽ ശനിയാഴ്ച ട്വിക്സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുറത്തേക്ക് വീണ ട്വിക്സ് കൊടും ശൈത്യത്തിൽ മരവിച്ചും മറ്റ് മൃഗങ്ങളുടെ കടിയേ​റ്റുമാണ് ചത്തത്. കിറോവിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെയാണ് നിലവിലെ താപനില. ട്വിക്സിന് നീതിക്കായി റഷ്യൻ സോഷ്യൽ മീഡിയയിലൂടെ വമ്പൻ കാമ്പെയ്നാണ് തുടരുന്നത്. സംഭവത്തിൽ കണ്ടക്ടർക്കെതിരെ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് 70,000ത്തിലധികം ആളുകൾ നിവേദനത്തിൽ ഒപ്പിട്ടു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കണ്ടക്ടറെ പിരിച്ചുവിടണമെന്ന് കാട്ടി 2,​00,000ത്തിലധികം പേർ ഒപ്പിട്ട മറ്റൊരു നിവേദനവും അധികാരികൾക്ക് മുന്നിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. കോടതിയെ സമീപിക്കുമെന്ന് ട്വിക്സിന്റെ ഉടമകൾ പറഞ്ഞു. ട്രെയിനുകളിൽ അലഞ്ഞുതിരിയുന്ന ജീവികളെ ഇനി റെയിൽവേ സ്​റ്റേഷനുകളിലെ ജീവനക്കാർക്ക് കൈമാറുമെന്നും മൃഗസംരക്ഷണ ഗ്രൂപ്പുകളെ അറിയിക്കുമെന്നും റഷ്യൻ റെയിൽവേയ്സ് അറിയിച്ചു.