adal-sethu-accident

മുംബയ്: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിൽ (അടൽ സേതു) ആദ്യ അപകടം. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് മുംബയിൽ നിന്ന് നവി മുംബയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് തലകീഴായി മറിഞ്ഞത്. വാഹനത്തിൽ രണ്ട് യുവതികളും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെ നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിന്റെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ കാറിന്റെ മുകൾ ഭാഗത്തിനും വിൻറ്റ് ഷീൽഡിനും തകരാർ സംഭവിച്ചു.