
മുംബയ് : 19-ാമത് ടാറ്ര മുംബയ് മാരത്തോണിനിടെ 74-കാരനുൾപ്പടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച നടന്ന മാരത്തണിൽ മുംബയിൽ നിന്നുള്ള രാജേന്ദ്ര ബോറ(74) കൊൽകത്തയിൽ നിന്നുള്ള സുവ്രദീപ് ബാനർജി(40) എന്നിവരാണ് മരിച്ചത്. അവശനിലയിലായ 22 പേരെ ആശുപത്രിയാൽ പ്രവേശിപ്പിച്ചു. സോഫ്റ്റ്വെയർ എൻജിനീയറായ സുവ്രദീപ് ബാനർജി, ഹാജി അലി ജംഗ്ഷനു സമീപവും രാജേന്ദ്ര ബോറ മറൈൻ ഡ്രൈവിന് സമീപമാണ് കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 59,515 പേർ പങ്കെടുത്ത മാരത്തൺ ഛത്രപതി ശിവാജി ടെർമിനസിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.