
മുംബയ്: വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്ന് പിന്മാറി ഇന്ത്യൻ സൂപ്പർ താരം വിരാട് കൊഹ്‌ലി. കൊഹ്‌ലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. കൊഹ്‌ലിയുടെ സ്വകാര്യത മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തിലും കൊഹ്‌ലി വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് വിട്ടുനിന്നിരുന്നു.
ക്യാപ്ടൻ രോഹിത് ശർമ്മ, ടീംമാനേജ്മെന്റ് ,സെലക്ടമാർ എന്നിവരോടെല്ലാം രോഹിത് സംസാരിച്ചിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാണ് കൊഹ്‌ലി എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും എന്നാൽ വളരെ പ്രധാനപ്പെട്ട ചിലകാര്യങ്ങൾ അദ്ദേഹത്തിന് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ബി.സി.സി.ഐ അദ്ദേഹത്തിന് പൂർണപിന്തുണ നൽകുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു. 25ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.