
ചെന്നൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് സംബന്ധിച്ച് തനിക്കെതിരെ ബി.ജെ.പി എക്സ് പ്ലാറ്റ്ഫോമിൽ അപ് ലോഡ് ചെയ്ത പോസ്റ്റിന് മറുപടിയുമായി ഡി.എം.കെ.നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. '' ഈ തെറ്റുകാരെ തിരിച്ചറിയൂ, ഇവർ രാമ ക്ഷേത്രത്തെ എതിർക്കുന്നു. സനാതന ധർമ്മത്തെ അപമാനിക്കുന്നു'' എന്ന ഹിന്ദിയിലുള്ള ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ആയിരുന്നു ഉദയനിധിക്കെതിരെ പോസ്റ്റ്. ഇതിനു താഴെ '' ഹിന്ദി തെരിയാത്,പോടാ'' എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് ചിത്രം മറുപോസ്റ്റിട്ടായിരുന്നു ഉദയനിധിയുടെ മറുപടി. ഉദയനിധിയുടെ പ്രതികരണത്തിന് ഇതിനകം തന്നെ ഒറിജിനൽ പോസ്റ്റിന്റെ അഞ്ചിരട്ടി ലൈക്കും ഷെയറും ലഭിച്ചിട്ടുണ്ട്.
അയോദ്ധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഡി.എം.കെ എതിർക്കുന്നില്ല. എന്നാൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിൽ യോജിപ്പില്ലെന്നും ഡി.എം.കെ ഒരു വിശ്വാസത്തിനും എതിരല്ലന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇത് പരാമർശിച്ചുകൊണ്ടാണ് ബി.ജെ.പി യുടെ എക്സ് പോസ്റ്റ്.
രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി ഔദ്യോഗിക എക്‌സ് ഹാൻഡിലുകളിൽ ഇവരെ തിരിച്ചറിയുകെ എന്ന തലക്കെട്ടോടെ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെയെല്ലാം പോസ്റ്റുകൾ വന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എസ്.പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കെതിരെല്ലാം ഇത്തരം പോസ്റ്റുകൾ വന്നിട്ടുണ്ട്.