
കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താനുള്ള കാരണം നടി സനാ ജാവേദ് മാത്രമെന്ന് പാക് മാദ്ധ്യമങ്ങള്‍. സാനിയ - മാലിക് ദമ്പതികള്‍ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് സമാ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം നടി സനാ ജാവേദുമായി മാലിക് സൂക്ഷിച്ചിരുന്ന രഹസ്യബന്ധമാണെന്നും പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ടി.വി ഷോയുടെ ഭാഗമായാണ് മാലിക്കും സനയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇവിടെവെച്ചാണ് ഇവര്‍ സൗഹൃദത്തിലായതും പിന്നീട് പ്രണയത്തിലായതും.
ഇരുവരും തമ്മില്‍ പ്രണയത്തിലായ ശേഷം പരസ്പരം നിരവധി തവണ കണ്ടുമുട്ടിയിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതരായിരുന്നതിനാല്‍ തന്നെ സാനിയക്ക് ഉള്‍പ്പെടെ ആര്‍ക്കും സൗഹൃദത്തില്‍ സംശയമില്ലായിരുന്നു. പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഷോയുടെ പേരില്‍ ഇരുവരും കണ്ടുമുട്ടുന്നത് കൂടിവന്നു.
ജീത്തോ പാകിസ്ഥാന്‍ എന്ന ടിവി ഷോയില്‍ പങ്കെടുക്കണമെങ്കില്‍ സനയും പരിപാടിയുടെ ഭാഗമാകണമെന്ന് അധികൃതരോട് മാലിക്ക് നിബന്ധന വയ്ക്കുകയും ഇത് നടത്തിയെടുക്കുകയും ചെയ്തു. ഗായകനായ ഉമയ്ര്‍ ജസവാളുമായി വിവാഹിതയായിരുന്നതിനാല്‍ തന്നെ സനയെ ആര്‍ക്കും സംശയവും ഇല്ലായിരുന്നു.
മറ്റൊരു പാക് നടി ആയേഷ ഒമറിന് ഒപ്പമാണ് മാലിക്കിന്റെ പേര് പറഞ്ഞ് കേട്ടിരുന്നത്. അതുകൊണ്ട് തന്നെ ആരും സനയെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇക്കാര്യം അറിഞ്ഞപ്പോള്‍ മാലിക്കിനെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താരത്തിന്റെ സഹോദരിമാരും സാനിയയും ശ്രമിച്ചെങ്കിലും മാലിക്ക് അതിന് തയ്യാറായില്ല.
ഇതോടെയാണ് മനംമടുത്ത സാനിയ മിര്‍സ ഏതാനം മാസങ്ങള്‍ക്ക് മുമ്പ് ഷൊയ്ബ് മാലിക്കിനൊപ്പമുള്ള വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. അതേസമയം ഒന്നിലധികം സ്ത്രീകളുമായുള്ള മാലിക്കിന്റെ ബന്ധത്തില്‍ സ്വന്തം കുടുംബത്തില്‍ നിന്ന് പോലും എതിര്‍പ്പുണ്ട്. പാക് ആരാധകര്‍ പോലും സാനിയയെ പിന്തുണച്ചാണ് രംഗത്ത് വരുന്നതും.