
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലുണ്ടായ മികച്ച നിക്ഷേപ താത്പര്യം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു. ബോംബെ ഓഹരി സൂചിക 1241 പോയിന്റ് ഉയർന്ന് 71,942ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 385 പോയിന്റ് കുതിച്ച് 21,738 ൽ വ്യാപാരം പൂർത്തിയാക്കി.
ആഗോള മേഖലയിലെ അനുകൂല വാർത്തകളും വിദേശ നിക്ഷേപകരുടെ ആവേശവും വിപണിക്ക് കരുത്ത് പകർന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ചെങ്കടലിലെ രാഷ്ട്രീയ സംഘർഷം മൂലം ക്രൂഡ് വില കുതിച്ചുയർന്നതാണ് എണ്ണ, പ്രകൃതി വാതക മേഖലയിലെ കമ്പനികളിൽ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചത്. ഇന്നലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 19.5 ലക്ഷം കോടി രൂപയിലെത്തി.