f

തിരുവനന്തപുരം : ഇലക്ട്രിക് ബസുകളുടെ വരവുചെലവുകൾ സംബന്ധിച്ച കണക്കുകൾ ചോർന്നതിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. രേഖകൾ ചോർന്നതിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ ജോയിന്റ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ 9 മാസത്തിനിടെ 2. 89 കോടി രൂപ ഇ ബസിന് ലാഭം ലഭിച്ചെന്നാണ് കണക്കുകൾ. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

രേഖകൾ മന്ത്രിക്ക് ലഭിക്കും മുമ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്.

പുറത്തുവന്ന കണക്കുകൾ പ്രകാരം മന്ത്രി നഷ്ടത്തിലാണെന്ന് പറഞ്ഞ സർവീസുകൾ ലാഭത്തിലാണ്. വാങ്ങുന്ന വിലയും കിട്ടുന്ന കളക്ഷനുമായി തട്ടിച്ച് നോക്കുമ്പോൾ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗണേശ് കുമാർ പറഞ്ഞിരുന്നത്. ഇലക്ട്രിക് ബസ് എത്ര നാൾ പോകും എന്ന കാര്യം ഉണ്ടാക്കിയവർക്കും അറിയില്ല,​ എനിക്കും അറിയില്ല എന്നാണ് മന്ത്രി പറഞ്ഞത്.

ഇ ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗണേശ് കുമാറിന്റെ നിലപാടിനെ എതിർത്ത് വി.കെ.പ്രശാന്ത് എം.എൽ.എയും മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സി.പി.എം നേതൃത്വവും ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനാൽ കരുതലോടെയാണ് മന്ത്രി ഈ വിഷയത്തിൽ നീങ്ങുന്നത്.