tooth-paste

ഏറ്റവും അധികം ദന്തരോഗികളുള്ള രാജ്യമാണ് നമ്മുടേത്. ശരീരത്തിലേ മറ്റേതൊരു ഭാഗത്തിന് നല്‍കുന്നതിലും കൂടുതല്‍ ശ്രദ്ധ അതുകൊണ്ട് തന്നെ പല്ലുകള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. ഉപയോഗിക്കുന്ന പേസ്റ്റ്, അതിന്റെ അളവ്, എത്ര തവണ ഒരു ദിവസം പല്ല് തേക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ വളരെ പ്രധാനമാണ്.

പല്ല് തേപ്പ് സംബന്ധിച്ച് ശരിയും തെറ്റുമായ ഒരുപാട് കാര്യങ്ങള്‍ പ്രചരിക്കാറുണ്ട്. അതില്‍ പ്രധാനമാണ് ബ്രഷില്‍ എത്ര അളവില്‍ പേസ്റ്റ് വേണമെന്നത്. കൂടുതല്‍ പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ലുകള്‍ വെട്ടിത്തിളങ്ങുമെന്ന ധാരണയില്‍ കണ്ടമാനം പേസ്റ്റ് ഞെക്കിപ്പിടിച്ചെടുക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ദിവസവും രണ്ട് തവണ പല്ല് തേക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അതിന് ബ്രഷ് നിറച്ചും പേസ്റ്റ് വലിച്ചുവാരി എടുക്കേണ്ട കാര്യമില്ല. ഒരു പയറുമണി വലുപ്പത്തില്‍ മാത്രമേ പേസ്റ്റ് ആവശ്യമുള്ളൂ. നൂറ് ഗ്രാം ടൂത്ത്‌പേസ്റ്റ് കൊണ്ട് ദിവസേന രണ്ട് തവണ പല്ല് തേക്കുന്ന ഒരു മനുഷ്യന് രണ്ട് മാസം സുഖമായി ഉപയോഗിക്കാം.

ബ്രഷ് നിറയെ പേസ്റ്റ് എടുത്ത് കുറേ നേരം വായിലിട്ട് പതപ്പിച്ച് പല്ല് തേക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല. മാത്രമല്ല ഇത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് വരുത്തുക. പല്ല് തേക്കാന്‍ വെള്ള നിറത്തിലുള്ള ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് വായില്‍ അധികം നേരം പിടിച്ചുവയ്ക്കുന്നതും ദോഷമാണ്. വായില്‍ എന്തെങ്കിലും തരത്തിലുള്ള പൊള്ളലോ എരിച്ചിലോ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ആ ടൂത്ത്‌പേസ്റ്റ് ഒഴിവാക്കുകയും വേണം. അതോടൊപ്പം തന്നെ ജെല്ല് രൂപത്തിലുള്ളതിനേക്കാള്‍ നല്ലത് ക്രീം രൂപത്തിലുള്ള പേസ്റ്റ് ഉപയോഗിക്കുന്നതാണ്.

ടൂത്ത് പേസ്റ്റുകളില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറൈഡുകളാണ് പല്ല് വൃത്തിയാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഫ്‌ളൂറൈഡുകള്‍ അധികമായാല്‍ അത് ദോഷമാണ്. വൃത്തിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെങ്കിലും അധികമായാല്‍ അത് പല്ലിന്റെ ഇനാമലിനെ തന്നെ ഇല്ലാതാക്കാന്‍ സാദ്ധ്യതയുണ്ട്.