
തിരുവനന്തപുരം: ഇറ്റാലിയൻ നർത്തകി കലാകർള മെർലോ അവതരിപ്പിച്ച ഭരതനാട്യം പ്രേക്ഷകർക്ക് നവ്യാനുഭവം പകർന്നു. വെനീസിലെ ഇൻഡോളജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സിനി ഫൗണ്ടേഷനിൽ ഭരതനാട്യം അഭ്യസിച്ച മെർലോ ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഓഡിറ്റോറിയത്തിലാണ് ഭരതനാട്യം അവതരിപ്പിച്ചത്. സാവിത്രി നായർ, ലീല സാംസൺ എന്നിവരുടെ ശിഷ്യയും ഉമ, പ്രിയദർശിനി ഗോവിന്ദ്, ഗുരു ചന്ദ്രശേഖർ എന്നിവരുടെ സതീർത്ഥ്യയുമാണ്. കർണ്ണാട്ടിക് സംഗീതത്തിലും യോഗയിലും പ്രാവീണ്യം നേടിയിട്ടുള്ള മെർലോ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, യൂറോപ്യൻ രാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. ഡോ. കെ. ഓമനക്കുട്ടി ഭദ്രദീപം തെളിച്ച ചടങ്ങിൽ ഭാരത് ഭവന് വേണ്ടി നിർവാഹക സമിതി അംഗം റോബിൻ സേവ്യർ കലാകർള മെർലോയെ അനുമോദിച്ചു.