
കൊച്ചി കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ച കേസിൽ ഇ.ഡി അന്വേഷണം നീളുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
സഹകരണസംഘങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. സഹകരണ സംഘങ്ങൾ കോടീശ്വരൻമാർക്കുള്ളതല്ല, സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. പാവപ്പെട്ട ജനങ്ങൾ ജീവിതാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്നത്. എന്നാൽ ഈ പണം നഷ്ടമാകുന്നു. ഇതോടെ സഹകരണസംഘങ്ങളിലുള്ള അവരുടെ വിശ്വാസം നഷ്ടമാകുന്നു,. ഇതാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കരുവന്നൂർ കേസിലെ 15ാം പ്രതി അലി സാബ്‌റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശങ്ങൾ. ഇനിയും എത്രനാൾ അന്വേഷണം തുടരുമെന്ന് കോടതി ചോദിച്ചു, അന്വേഷണം നീണ്ടുപോകുന്നത് സഹകരണ സംഘങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.