
രഞ്ജി: കേരളത്തിന് കനത്ത തോൽവി
മുംബയ്‌യുടെ വിജയം 232 റൺസിന്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ എലൈറ്റ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കേരളത്തിന് മുംബയ്ക്കെതിരെ 232 റൺസിന്റെ വമ്പൻ തോൽവി. മുംബയ് ഉയർത്തിയ 327 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് മത്സരത്തിന്റെ അവസാന ദിനം 24/0 എന്നനിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം 94റൺസിന് ഓൾഔട്ടാവുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയാണ് കേരള ബാറ്റിംഗ് നിരയെ തകർക്കാൻ നേതൃത്വം നൽകിയത്. 26 റൺസെടുത്ത രോഹൻ എസ് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറർ. കളിച്ച മൂന്ന് കളിയും ജയിച്ച മുംബയ്‌യാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. കേരളം ആറാമതാണ്.
ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ജലജ് സക്സേനയെ (16) ക്ലീൻ ബൗൾഡാക്കി ധവാൽ കുൽക്കർണിയാണ് മുംബയ്‌യുടെ വക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാമനായെത്തിയ കൃഷ്ണപ്രസാദും (4) കുൽക്കർണിക്ക് വിക്കറ്റ് നൽകി വൈകാതെ മടങ്ങി. ഡിയാസാണ് ക്യാച്ചെടുത്തത്. നൂറാം ഫസ്റ്റ് ക്ലസ് മത്സരം കളിച്ച രോഹൻ പ്രേം (11), സച്ചിൻ ബേബി((12), വിഷ്ണു വിനോദ് (6), ശ്രേയസ് ഗോപാൽ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്ടൻ സഞ്ജു സാംസൺ 53 പന്ത് നേരിട്ട് 2 ഫോറുൾപ്പെടെ 15 റൺസ് നേടി പുറത്താകാതെ നിന്നു. കേരളത്തിന്റെ വിശ്വേശർ സുരേഷ് പരിക്കിനെത്തുടർന്ന് ഇന്നലെ ബാറ്റിംഗിനിറങ്ങിയില്ല. കേരളത്തിന്റെ ആദ്യ തോൽവിയാണിത്. നേരത്തേ കളിച്ച രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു.
ആന്ധ്രയ്ക്ക്ജയം
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ആന്ധ്രാ പ്രദേശ് ആസാമിനെ 172 റൺസിന് കീഴടക്കി.സ്കോർ ആന്ധ്ര 18810, 334/10. ആസാം 160/10, 190/10. ബംഗാളും ഛത്തിസ്ഗഡും സമനിലയിൽ പിരിഞ്ഞു.യു.പി ബിഹാർ മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു.
നിലവിലെ ചാമ്പ്യൻമരായ സൗരാഷ്ട്ര വിദർഭയ്ക്കെതിരെ 238 റൺസിന്റെ വമ്പൻ വിജയം നേടി.അവരടെ സൂപ്പർ ബാറ്റർ ചേതേശ്വർ പുജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റൺസും ഈ മത്സരത്തിനിടെ തികച്ചു.