
കോലഞ്ചേരി: കാർഷിക മേഖലയുടെ നട്ടെല്ലായിരുന്ന വൃക്ഷ സുഗന്ധവിളയായ ജാതിക്കൃഷിയും കർഷകരെ കൈവിടാനൊരുങ്ങുന്നു. വേനൽ മഴയും തുടർന്നുള്ള കനത്ത ചൂടും ജാതി കർഷകരെ വൻ പ്രതിസന്ധിയിലാഴ്ത്തി. ആഭ്യന്തര, രാജ്യാന്തര വിപണികളിൽ വില്പന കുത്തനെ ഇടിഞ്ഞതും വിലയെ ബാധിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. അതിനിടെയാണ് പതിവില്ലാത്ത വിധമുള്ള തോരാ മഴയെ തുടർന്ന് കായ് പൊഴിച്ചിൽ പതിന്മടങ്ങായത്.
ജാതിപത്രിയും കായും മൂപ്പെത്തും മുമ്പെ പൊഴിഞ്ഞ് വീഴുകയാണ്. മേയ്, ജൂൺ, ജൂലായ് മാസങ്ങളാണ് സംസ്ഥാനത്ത് ജാതിക്ക ഉത്പാദന സീസൺ. ഇക്കുറി സീസൺ തുടങ്ങിയേപ്പാൾ മുതൽ തന്നെ വില കുറഞ്ഞ് വരുന്നതായിരുന്നു പ്രവണത. വിലകൾ ഇനിയും കുറഞ്ഞേക്കുമെന്നാണ് വിപണി നൽകുന്ന സൂചന. തോരാതെ പെയ്ത മഴ മുൻ വർഷത്തെ സ്റ്റോക്ക് വച്ചിരുന്നവർക്കും തിരിച്ചടിയായി. ഫംഗസ് കയറിയതാണ് പ്രശ്നം.
ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാൽ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു ജാതി കൃഷി. കാലാവസ്ഥ വ്യതിയാനത്തിൽ ജാതിമരങ്ങൾ പൂക്കുന്നുണ്ടെങ്കിലും കായ പിടിക്കുന്നില്ല. 2018ലെ പ്രളയ ശേഷം ജാതിമരങ്ങൾ കായ്ഫലം തരുന്നില്ലെന്നാണ് കർഷകരുടെ പരാതി. അതിനിടതിലാണ് ഇടിത്തീ പോലെ വില കുറയുന്നത്.
കുറഞ്ഞ് വില
ജാതിക്ക ഒരു മാസത്തിനിടെ പല തവണയായി കിലോയിൽ 50 - 75 രൂപ വരെ കുറഞ്ഞു. സീസണിൽ 300 രൂപ വരെ വില ഉയർന്നിരുന്നു. നിലവിൽ 230 - 270 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്. ജാതി പത്രി 1500 - 1200 രൂപയായി സീസണിൽ 1700 - 2000 രൂപ വരെ ഉയർന്നിരുന്നു.
കയറ്റുമതി ഇടിഞ്ഞു
വടക്കേ ഇന്ത്യയിൽ ജാതിക്കയുടെ ഡിമാൻഡ് കുറഞ്ഞു. ഒപ്പം കയറ്റുമതി ഇടിഞ്ഞത് വില കുറയാൻ കാരണമാണ്. ഡൽഹി, മുംബയ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ജാതിക്ക കയറ്റി അയക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു.