d

ന്യൂഡൽഹി : . അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്‌ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് നടന്നു. ഉച്ചയ‌്ക്ക് 12.10 ഓടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയിൽ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന് പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാഷ്ട്രീയ,​ സാമൂഹിക,​ സാംസ്കാരിക,​വ്യവസായ മേഖലകളിൽ നിന്ന് നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നു.

ഇപ്പോഴിതാ രാംലല്ലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് എം.പി ശശിതരൂർ. ഫേസ്‌ബുക്ക്,​ എക്സ് അക്കൗണ്ടുകളിലാണ് തരൂർ ചിത്രം പങ്കുവച്ചത്. സിയാവർ രാമചന്ദ്ര കീ ജയ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ പാർട്ടി പ്രവർത്തകർ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് .

सियावर रामचंद्र की जय 🙏 pic.twitter.com/pwWTjCm5NA

— Shashi Tharoor (@ShashiTharoor) January 22, 2024

നേരത്തെ അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് തരൂർ പറ‍ഞ്ഞിരുന്നു. പുരോഹിതർക്ക് പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നതെന്നും അതിലെ രാഷ്ട്രീയാർത്ഥം കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി... ഇത് ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് പാർട്ടിക്ക് തോന്നിയതിനാൽ കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കില്ലെന്നും തരൂർ പറഞ്ഞു. അതേസമയം ഹിന്ദുവിശ്വാസത്തെ കോൺഗ്രസ് അവഹേളിച്ചിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.