
കട്ടത്താടിയും മീശയുമില്ലാത്തതിനാൽ വിഷമിക്കുന്ന പുരുഷന്മാർ ഏറെയുള്ള നാടാണ് നമ്മുടേത്. മീശയും താടിയും വരേണ്ട പ്രായമായിട്ടും അത് സംഭവിക്കുന്നില്ല എന്നത് മാത്രമല്ല ഇത്തരക്കാരുടെ വിഷമം. കട്ടിയുള്ള മുഖരോമങ്ങളുള്ള പുരുഷന്മാരെയാണ് സ്ത്രീകൾ കൂടുതലായി ശ്രദ്ധിക്കുന്നത് എന്ന വസ്തുതയും ഇവരെ തെല്ല് അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ സൗന്ദര്യം കൊണ്ട് മാത്രമല്ല താടിയും മീശയുമുള്ള പുരുഷൻമാരെ സ്ത്രീകൾ ശ്രദ്ധിക്കുന്നതെന്നാണ് ശാസ്ത്രവസ്തുതകൾ പരിശോധിച്ചാൽ മനസിലാകും.
ടെസ്റ്റോസ്റ്റീറോൺ ചില്ലറക്കാരനല്ല
പുരുഷനിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഹോർമോണാണ് ടെസ്റ്റോസ്റ്റീറോൺ. ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ സ്ത്രീകളിലുമുണ്ട്. ലൈംഗിക ചിന്തകൾ മനുഷ്യന്റെയുള്ളിൽ സൃഷ്ടിക്കുക എന്നതാണ് ഈ ഹോർമോണുകളുടെ പ്രാഥമിക ദൗത്യം. ശരീരത്തിൽ ഈ ഹോർമോണിന്റെ അളവ് കുറവുള്ളവർക്ക് ലൈംഗിക കാര്യങ്ങളോട് താത്പര്യക്കുറവ് ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ ഈ ഹോർമോണിന് മറ്റൊരു പ്രധാനപ്പെട്ട ജോലി കൂടി മനുഷ്യ ശരീരത്തിൽ ചെയ്യാനുണ്ട്. ദേഹരോമങ്ങൾ വളർത്തുക എന്നതാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായുള്ള പുരുഷ ശരീരങ്ങളിൽ രോമവളർച്ച കൂടുതലുമായിരിക്കും.
സ്ത്രീകളെ ആകർഷിക്കുന്ന ഘടകം
ദേഹരോമം കൂടുതലായുള്ള പുരുഷനെ കാണുന്ന സ്ത്രീയുടെ മനസ്സിൽ അവൻ ശക്തനാണെന്ന തോന്നൽ അവരറിയാതെ തന്നെ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശരീരരോമം കുറവുള്ള പുരുഷന്മാരേക്കാൾ കട്ട താടിയും മീശയുമുള്ള പുരുഷനാണ് തനിക്ക് ലൈംഗികമായി കൂടുതൽ തൃപ്തിപ്പെടുത്തുക എന്ന ചിന്തയും അവളറിയാതെ തന്നെ അവൾക്കുള്ളിൽ രൂപപ്പെട്ടേക്കാം. ഇതിനാലാണ് കൂടുതൽ രോമവളർച്ചയുള്ള പുരുഷൻ സ്വാഭാവികമായി തന്നെ ആകർഷകത്വമുള്ളവനായി തോന്നുന്നത്. കരുത്തനെന്ന് തോന്നിക്കുന്നത് കൊണ്ടുതന്നെ താടിമീശ രോമങ്ങളുള്ള പുരുഷനാണ് തന്നെ മികച്ച രീതിയിൽ സംരക്ഷണം നല്കാൻ കഴിയുക എന്നും സ്ത്രീ കരുതുന്നുണ്ട്.
മുഖരോമങ്ങൾ ഇല്ലാത്തവർ വിഷമിക്കേണ്ടതില്ല
ഇങ്ങനെയൊക്കെയാണെങ്കിലും താടിയും മീശയുമില്ലാത്ത പുരുഷന്മാർ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ടെസ്റ്റോസ്റ്റീറോൺ വലിയ അളവിൽ ശരീരത്തിൽ കാണപ്പെടുന്ന പുരുഷന്മാർക്ക് ചിലപ്പോഴൊക്കെ മുഖരോമങ്ങൾ കട്ടിയ്ക്ക് വരണമെന്നില്ല. മാറിലും ശരീരത്തിലെ മറ്റിടങ്ങളിലുമാകാം ഇവർക്ക് രോമങ്ങൾ കൂടുതലായി കാണുക. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് മുഖത്ത് വലുതായി പ്രതിഫലിക്കണമെന്നുമില്ല. കിടപ്പറയിൽ അവർ പരാജിതരാവുകയോ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോകുകയോ ഇല്ല. അതിനാൽ താടിയും മീശയും ഇല്ലാത്തവർ ഒരു കാരണവശാലും സങ്കടപ്പെടേണ്ടതില്ല. ലേപനങ്ങളോ എണ്ണകളോ പുരട്ടി സമയം കളയുകയും വേണ്ട.