pic

വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനുള്ള മത്സരങ്ങളിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി. ഇന്ന് ന്യൂഹാംപ്ഷെയറിൽ പ്രൈമറി പോരാട്ടം ( ഉൾപാർട്ടി തിരഞ്ഞെടുപ്പ് )​ നടക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം.

15ന് അയോവ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ ഡിസാന്റിസ് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്നിലെത്തിയിരുന്നു. ട്രംപ് 51 ശതമാനം വോട്ടോടെ വമ്പൻ വിജയം നേടിയപ്പോൾ 21 ശതമാനമാണ് ഡിസാന്റിസിന് നേടാനായത്.

അതേ സമയം, ട്രംപിന് പിന്തുണ നൽകുമെന്ന് 45 കാരനായ ഡിസാന്റിസ് വ്യക്തമാക്കി. പാർട്ടിയുടെ യുവനിരയിലെ ശക്തനായ നേതാവായ ഡിസാന്റിസ് നേരത്തെ അഭിപ്രായ സർവേകളിൽ ട്രംപിന് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു.

2019 ജനുവരിയിൽ ഫ്ലോറിഡയുടെ 46ാം ഗവർണറായി അധികാരമേറ്റ ഡിസാന്റിസ് 2022 നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. അയോവയിലെ പരാജയത്തിന് പിന്നാലെ ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയും മത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.

 ട്രംപ് - നിക്കി പോരാട്ടം

ഡിസാന്റിസ് പിന്മാറിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ടിക്കറ്റിനായി ഇനി ട്രംപും നിക്കി ഹേലിയും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടും. ഇന്നത്തെ ന്യൂഹാംപ്ഷെയർ പ്രൈമറി നിക്കിക്ക് നിർണായകമാണ്. അയോവയിൽ 19.1% വോട്ടോടെ മൂന്നാം സ്ഥാനത്തായിരുന്നു സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി.

കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണ പരിപാടികളിൽ നിക്കിയും ട്രംപും പരസ്പരം ശക്തമായി കടന്നാക്രമിച്ചിരുന്നു. എങ്കിലും ട്രംപിനാണ് വിജയ സാദ്ധ്യത കൂടുതൽ. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡന് നോമിനേഷൻ ഉറപ്പാണ്. 2020ലെ പോലെ ബൈഡൻ - ട്രംപ് ഏറ്റുമുട്ടലിന് ഇത്തവണയും യു.എസ് വേദിയായേക്കും.