
കോയമ്പത്തൂർ: നാല് മാസം പ്രായമുള്ള കുട്ടിയെ ബസിൽ ഉപേക്ഷിച്ച് അമ്മ. കോയമ്പത്തൂരിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ചത്. ബസിൽ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏൽപ്പിച്ച് മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെത്തേടി മലയാളിയായ അച്ഛൻ എത്തി.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. തിരക്കേറിയ സ്വകാര്യ ബസിൽ കയറിയ യുവതി കുഞ്ഞിനെ പിടിക്കാനായി മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് നൽകിയത്. എന്നാൽ, കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോൾ യുവതിയെ കണ്ടില്ല. തുടർന്ന് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു.
തൃശൂർ സ്വദേശിയായ ഇയാളും തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹശേഷം ഇവർ കോയമ്പത്തൂരിലായിരുന്നു താമസം. ഇതിന് പിന്നാലെ യുവാവിന്റെ അച്ഛൻ മരിച്ചു. ഇതിന് കാരണം യുവതിയാണെന്ന് പറഞ്ഞ് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. അടുത്തിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടർന്ന് വിഷാദത്തിലായ യുവതി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ പിതാവ് തിരികെ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ ഇരുവീട്ടുകാരുമായി സംസാരിച്ച് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.