
ദുബായ്: ഗൾഫടക്കമുള്ള വിദേശരാജ്യങ്ങളിൽ പോയി പഠിക്കാനും ജോലി നേടി അവിടെതന്നെ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്നവർ ഇന്ന് നിരവധിയാണ്. വിദേശജീവിതം സ്വപ്‌നം കാണുന്നവരാണ് യുവാക്കളിൽ വലിയൊരു വിഭാഗവും. ഇന്ത്യക്കാരായ പതിനായിരങ്ങൾ ഗർഫിൽ പ്രവാസജീവിതം നയിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രവാസികൾക്കും ഗൾഫിലേയ്ക്ക് പോകാനിരിക്കുന്നവർക്കും സന്തോഷം നൽകുന്ന വാർത്ത യുഎഇയിൽ നിന്ന് പുറത്തുവരുന്നുണ്ട്. യുഎഇയിലെ ജോലി നഷ്ടമായാൽ എങ്ങനെ ജീവിക്കുമെന്നുള്ള ഭയം ഇനി വേണ്ട.
തൊഴിൽ നഷ്ടമാകുന്നവർക്ക് മാസാമാസം കാശ് ലഭിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. ജോലി നഷ്ടമാകുന്നവർക്കായുള്ള ഇൻഷുറൻസിനായി അപേക്ഷിച്ചവർക്കാണ് പണം ലഭിക്കുന്നത്. കഴിഞ്ഞവർഷം ജനുവരിയിലാണ് ഈ പദ്ധതി പ്രാബല്യത്തിൽ വന്നത്. തൊഴിൽ നഷ്ടമാകുന്നവർ അടിയന്തരമായി പോളിസി പുതുക്കേണ്ടതുണ്ട്. ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ക്യാൻസലായി പോകാതിരിക്കാൻ പോളിസി പുതുക്കേണ്ടത് വളരെ പ്രധാനമാണെന്ന് ദുബായിലെ ഇൻഷുറൻസ് കമ്പനിയായ സ്ട്രാറ്റജിക് പാർട്ട്‌ണർഷിപ്പ്‌സിന്റെ മാനേജറായ ദന കാൻസു പറഞ്ഞു. ഇൻവോളന്ററി ലോസ് ഒഫ് എംപ്ളോയിമെന്റ് ഇൻഷുറൻസ് പൂൾ (ഐഎൽഒഇ) സംബന്ധമായ കാര്യങ്ങളാണ് ദന കാൻസു കൈകാര്യം ചെയ്യുന്നത്.
തൊഴിൽ നഷ്ടമാകുന്നവർ ഇൻഷുറൻസ് ക്ളെയിം ചെയ്യുന്നതിനായി കുറഞ്ഞത് 12 മാസത്തേക്കെങ്കിലും പദ്ധതിയുടെ വരിക്കാരായിരിക്കണം. 2023 ജനുവരിയിൽ അപേക്ഷിച്ചവരായിരിക്കും ഇപ്പോൾ അർഹരാകുന്നത്. ഇതിനായി ആദ്യം ഐഎൽഒഇ വെബ്‌സൈറ്റ് ലോഗിൻ ചെയ്യണം. ശേഷം 'സബ്‌മിറ്റ് എ ക്ളെയിം' എന്ന ഓപ്‌ഷനിൽ ക്ളിക്ക് ചെയ്ത് എമിറേറ്റ്‌സ് ഐഡിയും യുഎഇ ഫോൺ നമ്പറും നൽകണം. പിന്നാലെ ബാക്കി നടപടികൾ കൂടി പൂർത്തീകരിക്കണം.
അർഹത
സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന തദ്ദേശികളും പ്രവാസികളുമാണ് ഇൻവോളന്ററി ലോസ് ഒഫ് എംപ്ളോയിമെന്റ് ഇൻഷുറൻസ് പൂളിന് (ഐഎൽഒഇ) അർഹരായവർ. എന്നാൽ നിക്ഷേപകർ, വീട്ടുജോലിക്കാർ, താത്‌കാലിക കോൺട്രാക്‌ട് ജോലിക്കാർ, പ്രായപൂർത്തിയാകാത്തവർ, ജോലിയിൽ നിന്ന് വിരമിച്ചവർ എന്നിവർ ക്ലെയിമിന് അർഹരല്ല.
രണ്ട് വിഭാഗമായാണ് അർഹരെ തരംതിരിച്ചിരിക്കുന്നത്. 16,000 ദിർഹമോ അതിൽ താഴെയോ അടിസ്ഥാന ശമ്പളമുള്ളവരാണ് ആദ്യത്തെ വിഭാഗം. പ്രതിമാസം അഞ്ച് ദിർഹമാണ് ഇവർക്ക് ഇൻഷുറൻസ് പ്രീമിയം ലഭിക്കുക (പ്രതിവർഷം 60 ദിർഹം). പരമാവധി 10,000 ദിർഹം നഷ്ടപരിഹാരമായി പ്രതിമാസം ലഭിക്കും.
അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് രണ്ടാമത്തെ വിഭാഗം. ഇൻഷുറൻസ് പ്രീമിയം പ്രതിമാസം 10 ദിർഹമായിരിക്കും ഇവർക്ക് ലഭിക്കുക (വാർഷികം 120 ദിർഹം). ഈ വിഭാഗത്തിനുള്ളവർക്ക് പ്രതിമാസ നഷ്ടപരിഹാര തുക 20,000 ദിർഹമാണ്.
ഒരു ക്ളെയിമിന് മൂന്ന് മാസത്തേക്കായിരിക്കും പരിരക്ഷ ലഭിക്കുക. ക്ളെയിം ഫയൽ ചെയ്ത് കഴിഞ്ഞാൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലേയ്ക്ക് ഇൻഷുൻറസ് കമ്പനി പണം നിക്ഷേപിക്കും. അപേക്ഷകൻ എന്നുമുതലാണോ തൊഴിൽരഹിതനായത് അന്നുമുതലുള്ള നഷ്ടപരിഹാരമായിരിക്കും ലഭിക്കുക. മൂന്ന് മാസത്തേക്കോ പുതിയ ജോലി ലഭിക്കുകയോ ചെയ്യുന്നതുവരെയോ പണം ലഭിക്കും. തൊഴിൽ നഷ്ടമായതിന് മുമ്പുള്ള ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം എന്ന നിരക്കിലാണ് തുക കണക്കാക്കുന്നത്.
യോഗ്യതാ മാനദണ്ഡം
ഇൻഷുറൻസിനായി അപേക്ഷിക്കുന്നവർ താൻ സ്വയം രാജിവച്ചതല്ലെന്നും അച്ചടക്ക കാരണങ്ങളാൽ പുറത്താക്കപ്പെട്ടതല്ലെന്നും തെളിയിക്കണം. തൊഴിൽ നഷ്ടമായ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ക്ലെയിമിനായി അപേക്ഷ സമർപ്പിക്കണം. രാജ്യം വിട്ടുപോയാലോ പുതിയ ജോലി ലഭിച്ചാലോ നഷ്ടപരിഹാരം ക്ളെയിം ചെയ്യാനാകില്ല. ക്ളെയിമിനായി അപേക്ഷിക്കുമ്പോൾ ഡിസ്‌മിസൽ രേഖ സമർപ്പിക്കേണ്ടതുണ്ട്. ഇതിൽ തീയതിയും തൊഴിൽ നഷ്ടമാകാനുള്ള കാരണവും വ്യക്തമാക്കിയിരിക്കണം.