ayodhya-temple

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ട്രെയിനിലും വിമാനത്തിലും റോഡ് മാർഗവുമെല്ലാം അയോദ്ധ്യയിലെത്താം. പക്ഷേ ഇവിടെ നിന്ന് നിലവിൽ നേരിട്ട് വിമാനവുമില്ല, ട്രെയിനുമില്ല. ഉത്തർപ്രദേശിന്റെ തെക്കുകിഴക്കുഭാഗത്തുള്ള നഗരമാണ് അയോദ്ധ്യ. ഹിമാലയത്തിൽ നിന്ന് അധികം ദൂരമില്ല ഇവിടേക്ക്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നോയിൽ നിന്ന് 135 കിലോമീറ്റർ. അയോദ്ധ്യയിൽ നിന്ന് നേപ്പാളിലേക്ക് 260 കിലോമീറ്റർ, ബീഹാറിലേക്ക് 376 കിലോമീറ്റർ. രണ്ടിടത്തേക്കും എട്ടുമണിക്കൂറിൽ താഴെ യാത്രയേയുള്ളൂ.

ഉയർന്ന പ്രദേശമായതിനാൽ തണുപ്പുകൂടിയ സ്ഥലമാണിത്. യാത്ര ചെയ്യുമ്പോൾ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ കരുതണം.ബസിലോ, കാറിനോ പോകുകയാണെങ്കിൽ കൊച്ചിയിൽ നിന്ന് അയോദ്ധ്യയിലേക്ക് 2456 കിലോമീറ്റർ ദൂരമുണ്ട്. യാത്ര ചെയ്യാൻ 60 മണിക്കൂറെടുക്കും.

രാമക്ഷേത്രം തുറന്നതോടെ ഫെബ്രുവരിയിൽ റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. പാലക്കാടു നിന്ന് ജനുവരി 30, ഫെബ്രുവരി 2,9,14,19,24,29 തീയതികളിൽ വൈകിട്ട് 7.10നാണ് സ്പെഷ്യൽ ട്രെയിൻ.

 ഡൽഹിക്കോ ഗോരഖ്പൂരിലേക്കോ ടിക്കറ്റെടുക്കാം

കേരളത്തിൽ നിന്ന് ട്രെയിനിൽ പോകാനാണെങ്കിൽ ഡൽഹിക്കോ, ഗോരഖ്പൂരിലേക്കോ ടിക്കറ്റെടുക്കാം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനിൽ ഗോരഖ്പൂരിലെത്താം. അവിടെ നിന്ന് 147കിലോമീറ്റർ ലോക്കൽ ട്രെയിനിലോ, ബസിലോ, കാറിലോ സഞ്ചരിച്ചാൽ നാലുമണിക്കൂർ കൊണ്ട് അയോദ്ധ്യയിലെത്താം.

തിരുവനന്തപുരത്തു നിന്നുള്ള നിസാമുദ്ദീൻ, കേരള, രാജധാനി ട്രെയിനുകളിൽ ഡൽഹിയിലെത്തിയാൽ അയോദ്ധ്യയിലേക്ക് വന്ദേഭാരത് ട്രെയിൻ കിട്ടും. 7 മണിക്കൂർ കൊണ്ട് അയോദ്ധ്യയിലെത്താം. ഡൽഹിയിൽ നിന്ന് അയോദ്ധ്യയിലേക്ക് 688 കിലോമീറ്ററുണ്ട് .

വിമാനത്തിൽ ഡൽഹിയിലേക്ക്

വിമാനത്തിൽ പോകാൻ എളുപ്പം ഡൽഹി വഴിയാണ്. കൊച്ചിയിൽ നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് ഡൽഹിയിലെത്താം. അവിടെ നിന്ന് ഒരു മണിക്കൂർ പറന്നാൽ അയോദ്ധ്യയിലുമെത്താം. കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലെത്തിയാൽ അവിടെ നിന്ന് അയോദ്ധ്യയ്ക്ക് കണക്ഷൻ ഫ്ളൈറ്റ് കിട്ടും.