ram-temple-

അയോദ്ധ്യ: കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കോടിക്കണക്കിന് രൂപ വിലയുള്ള സ്വർണക്കിരീടം സമർപ്പിച്ച് വജ്രവ്യാപാരി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ വജ്രവ്യവസായ കമ്പനിയായ ഗ്രീൻലാബിന്റെ ഉടമ മുകേഷ് പട്ടേലാണ് രാമക്ഷേത്രത്തിൽ സ്വർണക്കിരീടം സമർപ്പിച്ചത്. കിരീടത്തിന് 11 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോർട്ട്. സ്വർണ്ണം, വജ്രം, വിലയേറിയ രത്നങ്ങൾ എന്നിവയാൽ അലങ്കരിച്ച കിരീടത്തിന് 6 കിലോ തൂക്കമുണ്ട്.

കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ എത്തിയ മുകേഷ് പട്ടേൽ ക്ഷേത്രഭാരവാഹികൾക്ക് കിരീടം സമർപ്പിച്ചു. പ്രാൺ പ്രതിഷ്ഠാ ചടങ്ങിനിടെ ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതന്റെയും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റികളുടെയും സാന്നിദ്ധ്യത്തിലാണ് മുകേഷ് പട്ടേൽ കിരീടം കൈമാറിയത്. അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീരാമന്റെ വിഗ്രഹത്തിന് മുകേഷ് പട്ടേൽ ആഭരണം സംഭാവന ചെയ്തതായി വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ട്രഷറർ ദിനേശ് ഭായ് നവിയയാണ് വെളിപ്പെടുത്തിയത്.

കൃത്യമായ ഗവേഷണം നടത്തിയതിന് ശേഷമാണ് പട്ടേൽ സ്വർണവും മറ്റ് ആഭരണങ്ങളും കൊണ്ട് നിർമ്മിച്ച കിരീടം സമർപ്പിക്കാൻ തീരുമാനിച്ചത്. ശ്രീരാമന്റെ പ്രതിമയുടെ അളവ് എടുത്തതിന് ശേഷമാണ് കിരീടം നിർമ്മിച്ചത്. നാല് കിലോ സ്വർണമാണ് കിരീടത്തിൽ അടങ്ങുന്നത്. രണ്ട് കിലോയോളം വജ്രങ്ങളും മറ്റ് രത്നങ്ങളുമാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന യജമാനനായി പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പങ്ങളും കുങ്കുമവും അർപ്പിച്ച് റോസാപൂവിൽ പുണ്യജലം തൊട്ട് അർച്ചന നടത്തി. വസ്ത്രവും തുളസിക്കതിരും സമർപ്പിച്ചു. തുടർന്ന് മുഖ്യകാർമ്മികത്വം വഹിച്ച പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ആരതി ഉഴിഞ്ഞ് പ്രധാനമന്ത്രി ആദ്യആരാധന നടത്തി. തളികയിലേന്തിയ പുഷ്പങ്ങൾകൊണ്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രാമസങ്കീർത്തനം ചൊല്ലി. കൃത്യം 1.08ന് ചടങ്ങുകൾ പൂർത്തിയായി. പിന്നീട് സാഷ്ടാംഗം പ്രണമിച്ചാണ് പ്രധാനമന്ത്രി ആരാധന പൂർത്തിയാക്കിയത്.