ayodhya

ന്യൂഡൽഹി: ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതിന് പിന്നാലെ അയോദ്ധ്യായാത്രയുമായി ബി ജെ പി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അയോദ്ധ്യയിലേക്ക് എത്തിക്കാനായി ഈ മാസം 25 തൊട്ട് മാർച്ച് 25വരെ പ്രത്യേക യാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

ദിവസം അരലക്ഷം പേരെ വരെ അയോദ്ധ്യയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. ഒരു മണ്ഡലത്തിൽ നിന്ന് ആയിരം പേരെ കൊണ്ടുപോകും. താമസവും ഭക്ഷണവും ഒരുക്കണമെന്ന് ഉത്തർപ്രദേശിലെ പ്രവർത്തകർക്ക് ബി ജെ പി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നാളെ തൊട്ട് ബി ജെ പി നേതാക്കൾ കുടുംബത്തിനൊപ്പം അയോദ്ധ്യയിലേക്ക് പോകും.


ഇന്നലെ ഉച്ചയ്ക്കാണ് പ്രാണപ്രതിഷ്ഠ നടന്നത്. സർവാലങ്കാര വിഭൂഷിതനായി, കിരീടധാരിയായി, കോദണ്ഡ വില്ലുമേന്തി പുഞ്ചിരി തൂകുന്ന ഭഗവാന്റെ പൂർണരൂപവും ഇന്നലെ പുറംലോകത്തിന് ദർശിക്കാനായി. ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഈ ദിനവും മുഹൂർത്തവും ജനങ്ങൾ ഓർത്തുവയ്ക്കുമെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും പ്രാണപ്രതിഷ്ഠാചടങ്ങുകൾക്കുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.