
ഭക്തിയും ആദ്ധ്യാത്മികതയുമൊക്കെ അന്ധവിശ്വാസമാണെന്നും ചൂഷണത്തിനുള്ള ഉപാധികളാണെന്നുമൊക്കെ ചിലർ വിമർശിക്കാറുണ്ട്. ഭക്തി യഥാർത്ഥത്തിൽ ഒരു പ്രായോഗിക ശാസ്ത്രമാണ്. വ്യക്തിയ്ക്കും സമൂഹത്തിനും അതു ചെയ്യുന്ന പ്രയോജനം ചിന്തിക്കുമ്പോൾ അതിനെ ഒരിക്കലും അന്ധതയെന്നോ ദുർബലതയെന്നോ പറയാനാവില്ല. സത്യത്തിൽ അധിഷ്ഠിതവും നല്ല ഉദ്ദേശ്യത്തോടെയുമുള്ള വിമർശനം സ്വാഗതാർഹമാണ്, അതിനെ വിലയിരുത്തണം. മറിച്ചുള്ള വിമർശനം അന്ധമാണ്.
ഒരു സംഭവം പറയാം. നിരീശ്വരവാദിയായ ഒരു ബാർബർ തനിക്കു പരിചയമുള്ള ഒരു പ്രൊഫസറുടെ മുടി വെട്ടുകയായിരുന്നു. മുടിവെട്ടുന്നതിനിടയിൽ ബാർബർ ചോദിച്ചു: 'ഈശ്വരൻ സത്യമാണെങ്കിൽ ലോകത്തിൽ എന്തുകൊണ്ട് ഇത്രയും അധർമ്മവും ദുഃഖവും കാണപ്പെടുന്നു? അപ്പോൾ പ്രൊഫസർ പറഞ്ഞു: 'ഈശ്വരനില്ലെങ്കിൽ ഈ ലോകത്ത് ബാർബർമാരും ഇല്ല! എന്ത് അസംബന്ധമാണ് നിങ്ങൾ പറയുന്നതെന്നായി ബാർബർ. അപ്പോൾ റോഡിന്റെ മറുവശത്തുകൂടി നടന്നു നീങ്ങുന്ന, താടിയും മുടിയും നീട്ടിയ ഒരാളെ പ്രൊഫസർ ചൂണ്ടിക്കാണിച്ചു: 'ആ മനുഷ്യനെ നോക്കൂ. താടിയും മുടിയും നീട്ടിവളർത്തിയിരിക്കുന്നു. ലോകത്ത് ബാർബർമാരുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? ബാർബർ പറഞ്ഞു. 'ഇതെന്തു വിഡ്ഢിത്തമാണ്. അയാൾ മുടി വെട്ടിക്കാത്തത് ബാർബർമാരുടെ കുറ്റമാണോ? അയാൾ ഇവിടെ വരാതെ ഞാനെങ്ങനെ മുടിവെട്ടും?'
പ്രൊഫസർ പറഞ്ഞു- അതു തന്നെയാണ് ഞാനും പറയുന്നത്. ലോകത്ത് ദുഃഖവും അധർമ്മവും നടമാടുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മൾ ഈശ്വരനെ ശരിയായി ആശ്രയിക്കുന്നില്ല എന്നതാണ്. അല്ലാതെ ഈശ്വരൻ ഇല്ലാത്തതുകൊണ്ടല്ല. നിഷ്‌ക്കളങ്കമായ ഭക്തി എന്നത് ആത്മവിശ്വാസത്തിന്റെയും ആന്തരിക കരുത്തിന്റെയും സ്രോതസ്സാണ്. ഒരു ബലൂണിൽ അമിതമായി കാറ്റുനിറഞ്ഞാൽ അതുപൊട്ടിപ്പോകും. അതുപോലെ മനസ്സിൽ പ്രശ്നങ്ങളും സംഘർഷങ്ങളും നിറഞ്ഞാൽ ജീവിതം അപകടത്തിലാകും. ജീവിതത്തിന്റെ താളം തെറ്റും. ഭാരങ്ങൾ ഇറക്കിവയ്ക്കാനും തളർന്ന മനസ്സിനെ ഉദ്ധരിക്കാനുമുള്ള പ്രായോഗിക മാർഗ്ഗമാണ് ഭക്തി. വ്യക്തിമനസ്സിലും സമൂഹത്തിലും അത് താളലയം കൊണ്ടുവരുന്നു.
തെറ്റുകൾ ചെയ്യാതിരിക്കാനും നല്ലതു ചെയ്യുവാനും ഭക്തിയും വിശ്വാസവും പ്രേരകമാകുന്നു. അങ്ങനെ സമൂഹത്തിൽ ധർമ്മബോധവും മൂല്യബോധവും വളരുന്നു. ഈശ്വരഭക്തിയും സഹജീവികളോടുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. യഥാർത്ഥ ഭക്തിയുള്ളിടത്ത് രണ്ടുമുണ്ടാകും. ഭക്തിയും ആദ്ധ്യാത്മികതയും ചൂഷണത്തിനുള്ള ഉപാധികളായി ഉപയോഗിക്കുന്ന ചിലരുണ്ടാകാം. കള്ളനാണയങ്ങൾ ഉണ്ടാകുന്നത് നല്ല നാണയങ്ങൾ ഉള്ളതുകൊണ്ടാണെന്ന് മറക്കരുത്. മോഷണത്തിനുള്ള വഴികൾ വിവരിക്കുന്ന ചില പുസ്തകങ്ങൾ ഉള്ളതുകൊണ്ട് എല്ലാ പുസ്തകങ്ങളും നിരോധിക്കണം എന്നുപറയുന്നത് നിരർത്ഥകമാണ്.
ഈശ്വരപ്രേമവും വിശ്വാസവും മനുഷ്യനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നിധിയാണ്. അവയില്ലാത്ത ജീവിതം മേക്കപ്പിട്ട ശവംപോലെ നിർജ്ജീവമാണ്. യുക്തിയും ബുദ്ധിയും വേണ്ട എന്നല്ല, അവയ്ക്ക് അവയുടേതായ സ്ഥാനമുണ്ട്. എന്നാൽ ബുദ്ധിയുടെ കസർത്തല്ല, ക്രിയാത്മകമായ പ്രായോഗിക യുക്തിയാണ് ലോകത്തിന് ആവശ്യം. ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന തർക്കത്തിലുപരി മനുഷ്യന് ദുഃഖമുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. മനുഷ്യന്റെ ദുഃഖം പരിഹരിക്കാനുള്ള ഒരു പ്രായോഗിക മാർഗമാണ് ഭക്തി. ഭക്തിയിലൂടെ തന്റെ ദുഃഖത്തിന് തന്നിൽതന്നെ പരിഹാരം കണ്ടെത്തുന്നു. ഇക്കാരണങ്ങളാൽ ഭക്തിയുടെ പ്രസക്തിയും പ്രാധാന്യവും എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും.