ksrtc-

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങൾ ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാർ. ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഉദ്യോഗസ്ഥർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'ഒരാഴ്ച കൊണ്ട് മാദ്ധ്യമങ്ങൾ എല്ലാം നിർത്തിവച്ചു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമുണ്ട്. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാർ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ'- ഗണേഷ് കുമാർ പറഞ്ഞു.

സംസ്ഥാനത്തെ ഇ ബസ് സർവീസുകൾ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്ആർടിസി റിപ്പോർട്ട് മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സർവീസുകൾ ലാഭമാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതേ തുടർന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നലെ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ റിപ്പോർട്ട് ചോർന്ന വിവരം പരാമർശിച്ച മന്ത്രി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകി. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

ഇ ബസുകളുടെ കളക്ഷനടക്കമുള്ള റിപ്പോർട്ട് മന്ത്രി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. സിഎംഡി ബിജു പ്രഭാകർ വിദേശത്തേക്ക് പോയതിനാൽ ജോയിന്റ് എംഡിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സമർപ്പിക്കും മുമ്പാണ് വിവരങ്ങൾ പുറത്തുവന്നത്. കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായത്. ഇ ബസുകളുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വികെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് റിപ്പോർട്ട് പുറത്തായതും. ഇത് മന്ത്രിയെ ചൊടിപ്പിച്ചെന്നാണ് വിവരം.