
കൊച്ചി: "ചെറിയ കടകളിൽ വരെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായി. സാധാരണ ജനങ്ങൾ കൃത്യമായി അത് ഉപയോഗിക്കുന്നു. ജർമ്മനിയിൽ ഇപ്പോഴും ആളുകൾ ആ തലത്തിലേക്ക് എത്തിയിട്ടില്ല". കളക്ടർ എൻ.എസ്.കെ ഉമേഷുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ആറ് വർഷത്തിന് ശേഷം കേരളത്തിലെത്തിയ മലയാളി വംശജനായ ജർമ്മനിയിലെ ബർകാന്യൂ സിറ്റി മേയർ മിലൻ മാപ്ലശേരി ഡിജിറ്റൽ മേഖലയിലെ കേരളത്തിന്റെ അമ്പരപ്പിക്കുന്ന വളർച്ചയെക്കുറിച്ച് മനസ് തുറന്നത്.
കളക്ടറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. ജർമ്മനിയിലെ വേസ്റ്റ് മാനേജ്‌മെന്റ്, ഫ്‌ളഡ് മാനേജ്‌മെന്റ് രീതികളെ കുറിച്ച് ജില്ലാ കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗതാഗതം, ഭൗതിക വികസനം, ദുരന്തനിവാരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തൊഴിൽ എന്നീ വിഷയങ്ങളെ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി. തങ്ങളുടെ അനുഭവങ്ങളും അറിവുകളും പരസ്പരം പങ്കുവച്ചുകൊണ്ട് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
വടുതലയാണ് മിലന്റെ സ്വദേശം. ജനിച്ചതും വളർന്നും ജർമ്മനിയിലാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ മിലൻ സ്വതന്ത്രനായാണ് 2021 മാർച്ചിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എകദേശം 80 ശതമാനം വോട്ട് നേടിയായിരുന്നു വിജയം. പത്ത് ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയ അദ്ദേഹം പിതാവ് ജോർജ് ബേസിൽ മാപ്ലശേരിയ്‌ക്കൊപ്പമായിരുന്നു കളക്ടറെ സന്ദർശിച്ചത്.