house

ചെന്നൈ: ഗൃഹപ്രവേശനത്തിന് തൊട്ടുമുൻപ് മൂന്ന് നില വീട് തകർന്നുവീണു. പുതുച്ചേരി ആട്ടുപട്ടിയിലെ അംബേദ്‌കർ നഗറിൽ ഇന്നലെയായിരുന്നു സംഭവം. കാരമല അടിഗൽ റോഡിന് സമീപമുള്ള കനാൽ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വീട് തകർന്നുവീഴാൻ കാരണമായത്.


മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതിന് പിന്നാലെ പ്രദേശത്ത് കനത്ത പ്രകമ്പനമുണ്ടായതായി നാട്ടുകാർ ആരോപിച്ചു. കനാലിന്റെ തീരത്തായി സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ഏതാനും വീടുകൾ നിർമിച്ചിരുന്നു. മരിമലയാടിഗൽ ശാലയെയും കാമരാജ് ശാലയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കനാലിന്റെ സമീപത്തായി പിഡബ്ള്യൂഡി ജോലികൾ നടക്കുകയായിരുന്നു.

പാലത്തിന്റെയും കനാലിന്റെയും നിർമാണമാകാം മണ്ണിളകാൻ കാരണമായതെന്ന് അധികൃതർ പറയുന്നു. മൂന്ന് നില കെട്ടിടത്തിന് കൃത്യമായ അടിത്തറ കെട്ടിയിട്ടില്ലായിരുന്നു. ഒരു ചെറിയ വീടിനുള്ള അടിത്തറയായിരുന്നു നിർമിച്ചിരുന്നത്. എന്നാൽ ഇതിന് മുകളിലായി മൂന്നുനില കെട്ടിടം പണിതതാണ് തകർന്നുവീഴാൻ ഇടയാക്കിയത്. അപകടസമയം വീട്ടിലും പരിസരത്തുമായി ആളുകൾ ഇല്ലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി പിഡബ്ള്യൂഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

#WATCH | Houses in the Attupatti area of Puducherry collapsed due to the digging of ditch as a part of drainage work pic.twitter.com/9nIn4AjU3w

— ANI (@ANI) January 22, 2024

പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ലക്ഷ്മിനാരായണൻ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പിഡബ്ള്യൂഡിയും റവന്യൂ വകുപ്പും റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വീടിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, വീടിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രദേശത്ത് പ്രതിഷേധം നടത്തി. കോൺട്രാക്ടറുടെ അലംഭാവമാണ് അപകടത്തിന് കാരണമായതെന്നും പിഡബ്ള്യൂഡി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എഐഎഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടു.