
ന്യൂഡൽഹി: രാമജന്മഭൂമി പ്രക്ഷോഭത്തിന് നായകത്വം വഹിച്ച മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അതിശൈത്യത്തെ തുടർന്ന് അയോദ്ധ്യയിലെത്തിയില്ല. കോൺഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും ഹിമാചൽ പ്രദേശിലെ മുതിർന്ന നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പങ്കെടുത്തു.
നടൻ അമിതാഭ് ബച്ചനടക്കമുള്ള സിനിമാ താരങ്ങളും ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, വ്യവസായി മുകേഷ് അംബാനി അടക്കം പ്രമുഖരുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി. അയോദ്ധ്യയിൽ സർവേ നടത്തിയ മുൻ ആർക്കിയോളജി സർവെ ഒഫ് ഇന്ത്യ മേധാവിയും മലയാളിയുമായ കെ.കെ. മുഹമ്മദും പങ്കെടുത്തു.
ചലച്ചിത്ര മേഖലയിൽ നിന്ന് സംവിധായകരായ രോഹിത് ഷെട്ടി, രാജ്കുമാർ ഹിരാനി, മധുർ ഭണ്ഡാർകർ, ആയുഷ്മാൻ ഖുറാന, ജാക്കി ഷ്രോഫ്, ഷെഫാലി ഷാ, വിവേക് ഒബ്രോയ്, അനുപം ഖേർ, ബോളിവുഡ് ദമ്പതികളായ മാധുരി ദീക്ഷിത്- നേനെ, കങ്കണ റെണോട്ട്, ആലിയ ഭട്ട് - രൺബീർ കപൂർ, കത്രീന കൈഫ് - വിക്കി കൗശൽ, രൺദീപ് ഹൂഡ - ലിൻ, ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, രാം ചരൺ, ഗാന രചയിതാവ് പ്രസൂൺ ജോഷി, ഗായകൻ അനുമാലിക്, ക്രിക്കറ്ര് താരങ്ങളായ അനിൽ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, മിതാലി രാജ്, ബാഡ്‌മിന്റൻ താരം സയ‌്നാ നെഹ്‌വാൾ തുടങ്ങിയവരുമെത്തി.
രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ പങ്കെടുത്തപ്പോൾ മറ്റൊരു അംഗമായ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എത്തിയില്ല. അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമെത്തിയില്ല.
മാതാ അമൃതാനന്ദമയിയെ പ്രതിനിധീകരിച്ച് സ്വാമി അമൃത സ്വരൂപാനന്ദ പുരിയാണ് എത്തിയത്. രാജ്യത്തെ 150ലധികം ഗുരുപരമ്പരകളിൽ നിന്നുള്ള ആചാര്യന്മാർ ആദിവാസി, ഗിരിവാസി തുടങ്ങി ഗോത്രവർഗ പാരമ്പര്യത്തിൽ നിന്ന് 50ൽപ്പരം പ്രതിനിധികൾ, 55 രാജ്യങ്ങളിലെ 100ൽപ്പരം പ്രതിനിധികൾ എന്നിവരുമെത്തി.
ചടങ്ങ് വീക്ഷിക്കാൻ ആറായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിരുന്നു. വി.ഐ.പികളെ ലക്‌നൗവിൽ നിന്ന് പ്രത്യേക ഗ്രീൻ കോറിഡോർ റോഡ് വഴിയാണ് അയോദ്ധ്യയിലെത്തിച്ചത്.
ചടങ്ങിനെത്തിയ മറ്റ് പ്രമുഖർ
ഹിന്ദു ആചാര്യന്മാരായ ലിംഗരാജ് ബസവരാജ് (കർണാടക), രാമചന്ദ്ര ഖരാഡി (ഉദയ്‌പൂർ), വിതൽ റാവു കമലാജി (മഹാരാഷ്ട്ര), ഗുമന്തു സമാജ് ട്രസ്റ്റിലെ മഹാദേവര ഗയാക്‌വാദ്, പതഞ്ജലി ബാബ രാംദേവ്, ജെ.ഡി.എസ് അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, കുമാരസ്വാമി, മകൻ നിഖിൽ, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, ഒാൾ ഇന്ത്യ ഇമാം ഒാർഗനൈസേഷൻ മേധാവി ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി, സൊണാലി മാൻസിംഗ് എംപി, സുപ്രീംകോടതിയിലെ ബാബറിമസ്ജിദ് വിഭാഗം ഹർജിക്കാരൻ ഇക്ബാൽ അൻസാരി.