
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം കൽക്കി 2898 എഡിയിൽ അന്ന ബെന്നും. കൽക്കിയിൽ ഏറെ പ്രാധാന്യം നിറഞ്ഞ കഥാപാത്രത്തെയാണ് അന്ന ബെൻ അവതരിപ്പിക്കുന്നത്. കൊട്ടുകാളി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അന്ന ബെൻ ആദ്യമായി അന്യഭാഷയിലേക്ക് എത്തുന്നത്. സൂരി നായകനാവുന്ന ചിത്രം പി.എസ്. വിനോദ് രാജാണ് സംവിധാനം ചെയ്യുന്നത്. അതേസമയം മേയ് 9ന് തിയേറ്ററിൽ എത്തുന്ന കൽക്കിയിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായ കൽക്കി വൈജയന്തി മൂവീസ് അൻപതാം വർഷത്തിൽ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. പ്രശസ്തമായ സാൻഡിയാഗോ കോമിക് - കോൺ 2023ൽ വച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രൊമോ വീഡിയോ റിലീസ് ചെയ്തത്. സാൻഡിയാഗോ കോമിക് - കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ചരിത്ര നേട്ടവും കൽക്കിക്ക് സ്വന്തം.