
ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്. ലോകത്തെ ഏറ്റവും സമ്പന്നരായ വനിതകളിൽ ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നിൽക്കുന്ന പേര്. ഫ്രാങ്കോയിസിനെക്കുറിച്ച് കേട്ടിരിക്കില്ലെങ്കിലും അവർ നയിക്കുന്ന കമ്പനിയുടെ പേരു കേൾക്കാത്തവർ ചുരുക്കം: ലോറിയാൽ. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരാണ് ലോറിയാൽ.
ഹെയർ കളർ, സ്കിൻ കെയർ, സൺ പ്രൊട്ടക്ഷൻ, മേക്കപ്പ്, പെർഫ്യൂം, ഹെയർ കെയർ തുടങ്ങി കൈവച്ച ഇടങ്ങളിലെല്ലാം നമ്പർ വൺ ആകാൻ ഫ്രഞ്ച് ഭീമനായ ലോറിയാലിനു കഴിഞ്ഞു. ലോറിയാൽ സാമ്രാജ്യത്തിന്റെ അവകാശിയായ ഫ്രാങ്കോയിസ് 2023ലെ ഫോബ്സിന്റെ ആഗോള കോടീശ്വര പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. 80.5 ബില്യൺ ഡോളറാണ് (ഒരു ബില്യൺ- 100 കോടി) 69കാരിയുടെ ആസ്തി. 2023 വരെയുള്ള തുടർച്ചയായ മൂന്നു വർഷവും ഫോബ്സ് പുറത്തുവിട്ട വനിതാ സമ്പന്ന പട്ടികയിൽ ഫ്രാങ്കോയിസിന്റെ ഒന്നാം സ്ഥാനത്തിന് മാറ്റം സംഭവിച്ചിട്ടില്ല. ലോറിയാലിന്റെ യൂജിൻ ഷുവെല്ലറുടെ ഏക പുത്രി ലിലിയന്റെ മകളാണ് ഫ്രാങ്കോയിസ്. മുത്തച്ഛനിൽ നിന്ന് അമ്മയ്ക്ക് ലഭിച്ച സമ്പത്ത് ഏക മകളായ ഫ്രാങ്കോയിസിലേക്ക് സ്വാഭാവികമായി എത്തുകയായിരുന്നു.
2017ൽ 94ാം വയസിൽ അന്തരിക്കുമ്പോൾ ലോകത്തെ സമ്പന്ന വനിതകളിൽ ഒന്നാമതായിരുന്നു ലിലിയൻ ബെറ്റൻകോർട്ട്. മാതാവിന്റെ മരണത്തോടെ സ്വത്തുക്കളുടെയെല്ലാം അവകാശിയായ ഫ്രാങ്കോയിസും കുടുംബവും ലോറിയാലിന്റെ 33 ശതമാനം ഓഹരിയുടെ ഉടമസ്ഥരാണ്. നിലവിൽ ലോറിയാലിന്റെ വൈസ് ചെയർമാൻ സ്ഥാനം വഹിക്കുന്ന ഫ്രാങ്കോയിസ് 1997 മുതൽ കമ്പനിയുടെ ബോർഡിൽ പ്രവർത്തിക്കുന്നു. അമ്മയും മുത്തച്ഛനും തുടങ്ങിവച്ച സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും ഫ്രാങ്കോയിസ് നേതൃത്വം നൽകുന്നു. 2019 ഏപ്രിലിൽ നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ പുനരുദ്ധാരണത്തിന് 226 മില്യൺ ഡോളർ നൽകുമെന്ന് ഫ്രാങ്കോയിസും ലോറിയലും പ്രഖ്യാപിച്ചിരുന്നു. ബിസിനസുകാരനായ ഷോൺ - പിയർ മെയേഴ്സ് ആണ് ഫ്രാങ്കോയിസിന്റെ ഭർത്താവ്. ഷോൺ - വിക്ടർ, നിക്കോളസ് എന്നിവരാണ് മക്കൾ. ഫ്രാങ്കോയിസിനു പിന്നിലുള്ള മറ്റ് സമ്പന്ന വനിതകളെക്കൂടി പരിചയപ്പെടുക.
ഫോബ്സിന്റെ 2023-ലെ ലോക കോടീശ്വര പട്ടികയിൽ ആകെ 2,640 പേരാണ് ഇടംനേടിയത്. ഇതിൽ സ്ത്രീകൾ 337. പലരുടെയും സമ്പാദ്യം അനന്തരാവകാശ ആസ്തിയാണ്. എന്നാൽ, പോപ് ഗായിക റിഹാന ( 1.4 ബില്യൺ ഡോളർ ) അമേരിക്കൻ മാദ്ധ്യമ താരം കിം കർദഷിയാൻ ( 1.2 ബില്യൺ ഡോളർ ) തുടങ്ങി സ്വന്തം നിലയിൽ കോടീശ്വരിമാരായ വനിതകളും ലിസ്റ്റിലുണ്ട്.
ജൂലിയ കോക്
വയസ് : 60
ആസ്തി : 59 ബില്യൺ ഡോളർ
രാജ്യം : യു.എസ്
അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ കോക് ഇൻഡസ്ട്രീസിന്റെ ഉടമ ഡേവിഡ് കോകിന്റെ വിധവ. ജൂലിയയ്ക്കും മൂന്നു മക്കൾക്കും കമ്പനിയിൽ 42 ശതമാനം ഓഹരി.
ആലിസ് വോൾട്ടൺ
വയസ് : 73
ആസ്തി : 56.7 ബില്യൺ ഡോളർ
രാജ്യം : യു.എസ്
വോൾമാർട്ട് സ്ഥാപകൻ സാം വോൾട്ടന്റെ മകൾ.
ജാക്വിലിൻ മാർസ്
വയസ് : 83
ആസ്തി : 38.3 ബില്യൺ ഡോളർ
രാജ്യം : യു.എസ്
മാർസ് കമ്പനിയുടെ സ്ഥാപകൻ ഫ്രാങ്ക് സി മാർസിന്റെ ചെറുമകൾ.
മിറിയം അഡൽസൺ
വയസ് : 77
ആസ്തി : 35 ബില്യൺ ഡോളർ
രാജ്യം : യു.എസ്
ലോകത്തെ ഏറ്റവും വലിയ കാസിനോ കമ്പനിയായ ലാസ് വേഗാസ് സാൻഡ്സിന്റെ ഉടമയായിരുന്ന ഷെൽഡൺ അഡൽസണിന്റെ ഭാര്യ.
റാഫേല അപോന്റെ -
ഡയമാന്റ്
വയസ് : 78
ആസ്തി : 31.2 ബില്യൺ ഡോളർ
രാജ്യം : ഇറ്റലി
ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി ) സഹസ്ഥാപക. 1970ൽ ഭർത്താവ് ജാൻലുയീജിക്കൊപ്പം ചേർന്ന് ഒറ്റ കപ്പലുമായാണ് റാഫേല എം.എസ്.സി സ്ഥാപിച്ചത്.
സൂസൻ ക്ലാറ്റൻ
വയസ് : 60
ആസ്തി : 27.4 ബില്യൺ ഡോളർ
രാജ്യം : ജർമ്മനി
ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഉടമകളിൽ ഒരാൾ. ജർമ്മൻ വ്യവസായി ഹെർബെർട്ട് ക്വാൻഡിറ്റിന്റെ മകൾ.
ജിന റൈൻഹാർട്ട്
വയസ് : 69
ആസ്തി : 27 ബില്യൺ ഡോളർ
രാജ്യം : ഓസ്ട്രേലിയ
ഓസ്ട്രേലിയൻ ഖനന, കാർഷിക കമ്പനിയായ ഹാൻകോക്ക് പ്രോസ്പെക്റ്റിംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥ. ജിനയുടെ പിതാവ് ലാംഗ് ഹാൻകോക്ക് ആണ് കമ്പനി സ്ഥാപിച്ചത്.
മക്കൻസി സ്കോട്ട്
വയസ് : 52
ആസ്തി : 24.4 ബില്യൺ ഡോളർ
രാജ്യം : യു.എസ്
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ. 2019ൽ ബെസോസുമായുള്ള വിവാഹത്തിനു പിന്നാലെ ആമസോണിന്റെ നാലു ശതമാനം ഓഹരിയുടെ ഉടമ.
ഐറിസ് ഫോണ്ട്ബോണ
വയസ് : 80
ആസ്തി : 23.1 ബില്യൺ ഡോളർ
രാജ്യം : ചിലി
ലാറ്റിനമേരിക്കയിലെ സമ്പന്ന വനിത. ഖനന കമ്പനിയായ ആന്റോഫാഗസ്റ്റയുടെ ഉടമകളിൽ ഒരാൾ. ചിലിയൻ വ്യവസായ ഭീമൻ ആൻഡ്രോണികോ ലുക്സികിന്റെ വിധവ.
ഇന്ത്യയിൽ മുന്നിൽ സാവിത്രി
ഒ.പി. ജിൻഡാൽ ഗ്രൂപ്പ് ഉടമയായ സാവിത്രി ജിൻഡാൽ ആണ് ഇന്ത്യയിലെ വനിതാ സമ്പന്നരിൽ മുന്നിൽ. ആഗോളതലത്തിൽ 12ാം സ്ഥാനത്താണ് 17.5 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി. റൊഹീക സൈറസ് മിസ്ത്രി ( 7 ബില്യൺ ഡോളർ), രേഖ ജുൻജുൻവാല ( 5.1 ബില്യൺ ഡോളർ), വിനോദ് റായ് ഗുപ്ത ( 4 ബില്യൺ ഡോളർ ), ലീന തിവാരി ( 3.4 ബില്യൺ ഡോളർ ), സ്മിത കൃഷ്ണ - ഗോദ്റെജ് (2.8 ബില്യൺ ഡോളർ ), ഫൽഗുനി നയ്യാർ ( 2.6 ബില്യൺ ഡോളർ ), രാധാ വെമ്പു ( 2.2 ബില്യൺ ഡോളർ ), കിരൺ മജുംദാർ ഷാ ( 2.1 ബില്യൺ ഡോളർ ) തുടങ്ങിയവരാണ് 2023ലെ ഫോബ്സ് കോടീശ്വരപട്ടികയിലെ മറ്റ് ഇന്ത്യൻ വനിതകൾ.