kuwait

കുവൈത്ത് സിറ്റി: പ്രവാസി ബാച്ചിലർമാർക്ക് സിവിൽ കാർഡ് നൽകുന്നതിനും പുതുക്കുന്നതിനും കർശന നടപടിക്രമങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്. കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. രാജ്യത്ത് എത്തുന്ന പ്രവാസി ബാച്ചിലർമാരുടെ വാടക കരാറുകളുടെ സമഗ്രമായ പരിശോധന, ഉടമയുടെ ഒപ്പ് എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതുൾപ്പടെ നടപടിക്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ, പാർപ്പിട മേഖലകളിൽ താമസിക്കുന്ന അവിവാഹിതരായ വ്യക്തികളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും ക്രോസ് റഫറൻസിങ് സിവിൽ കാർഡുകളിലൂടെ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൃത്യത ഉറപ്പാക്കുന്നതിന് വേണ്ടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഒരു കമ്മിറ്റിയുമായി സഹകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വകാര്യ ഭവനങ്ങളിൽ അവിവാഹിതരായ വ്യക്തികളെ താമസിപ്പിക്കുന്നത് നിരോധിക്കുന്നതിനുള്ള ഒരു അഡ്രസ് ലിസ്റ്റ് തയ്യാറാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഔദ്യോഗിക വക്താവ് ഖാലിദ് അൽഷമ്മരി പറഞ്ഞു. ഈ നിയന്ത്രണം നടപ്പാക്കുന്നതിന് സ്വയം പ്രേരിതമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, കുവൈത്തിലെ പ്രത്യേക റസിഡൻഷ്യൽ മേഖലയിൽ പ്രവാസി ബാച്ചിലർമാരുടെ പാർപ്പിടം നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള കരട് നിയമം മന്ത്രിസഭയ്ക്ക് മുന്നിൽ നേരത്തെ സമർപ്പിച്ചിരുന്നു. മുനിസിപ്പൽ കാര്യ, കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അൽഷൗലയുടെ നേതൃത്വത്തിലാണ് കരട് നിയമം തയ്യാറാക്കി സമർപ്പിച്ചത്. ഫത്വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് കരട് നിയമം കൈമാറിയത്.

ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിംഗ് മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകളോ അവയുടെ ഭാഗങ്ങളോ വാടകയ്‌ക്കെടുക്കുന്നത് വിലക്കുന്നതാണ് നിർദ്ദിഷ്ട നിയമത്തിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന്. കൂടാതെ താമസസ്ഥല ഉടമകൾ ഈ നിരോധനത്തിന്റെ പരിധിയിൽ വരാത്ത വ്യക്തികൾക്ക് വീടുകൾ വാടകയ്ക്ക് നൽകുകയാണെങ്കിൽ, റീജിയണൽ മേയറുടെ അംഗീകാരത്തിനായി മുനിസിപ്പാലിറ്റിക്ക് പാട്ട കരാറിന്റെ ഒരു പകർപ്പ് നൽകണമെന്നും വ്യവസ്ഥയിൽ പറഞ്ഞിരുന്നു.