
കോഴിക്കോട് : ചെറുവണ്ണൂരിലെ കൊലപാതകശ്രമക്കേസിൽ പ്രതി അറസ്റ്റിൽ. നല്ലളം പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ വീട്ടിൽ സുൽത്താൻ നൂർ (22) നെ ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള ജില്ലാ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പൊലീസും ചേർന്ന് പിടികൂടി.
കഴിഞ്ഞ ഫെബ്രുവരിയിൽ ചെറുവണ്ണൂരിലുളള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിൻെറ മുൻവശത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തീ വെച്ച് നശിപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് സുൽത്താൻ നൂർ. ജാമ്യത്തിലിറങ്ങിയ ശേഷം ചെറുവണ്ണൂരിലെ കടയിൽ നിന്നും സുൽത്താൻ മൊബൈൽ ഫോണെടുത്ത് മുങ്ങിയിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ വ്യക്തമായ രൂപം ലഭിച്ചിരുന്നു. കഴിഞ്ഞ മേയ് അഞ്ചിന് പലചരക്ക് കടയിലേക്ക് കടയുടമ കയറാൻ പോകുമ്പോൾ സുൽത്താൻ വരികയും രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ഫോൺ എടുത്തത് ആളുകളോട് പറഞ്ഞതിലും 500 രൂപ ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുളള വിരോധത്താൽ കടവരാന്തയിൽ തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചത്തും ഇടിക്കുകയും കടയിലെ ജീവനക്കാരൻ പിടിച്ച് മാറ്റിയതിൽ സമീപം സൂക്ഷിച്ച ബിയർ കുപ്പി എടുത്ത് ഭീഷണിപ്പെടുത്തി. ശേഷം തലയ്ക്കടിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇൻസ്പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിൽ നല്ലളം പൊലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടുകയായിരുന്നു. അഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുൽത്താൻ.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽകുന്നുമ്മൽ, ശ്രീജിത്ത്പടിയാത്ത്, ഷഹീർപെരുമണ്ണ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം, എ.കെ അർജ്ജുൻ നല്ലളം പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എം.രവീന്ദ്രൻ, പി.ഷൈലേന്ദ്രൻ,സീനിയർ സിപിഒ സി.തഹ്സിം സിപിഒ സി.ഷാജി,വി.കെ രന്തിമ എന്നിവരാണുള്ളത്.