
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലിൽ ഷഹാനയാണ് (23) ജീവനൊടുക്കിയത്. ഡിസംബർ ഇരുപത്തിയാറിനാണ് യുവതി ആത്മഹത്യ ചെയ്തത്.
ഭർത്താവ് നൗഫലിന്റെയും, ഇയാളുടെ മാതാവ് സുനിതയുടെയും പീഡനം മൂലമാണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ നൗഫലും സുനിതയും ഒളിവിൽ പോയിരുന്നു.
2020 ലായിരുന്നു ഷഹാനയുടെയും നൗഫലിന്റെയും വിവാഹം. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.ഡിസംബർ ഇരുപത്തിയാറിന് തന്റെ വീട്ടിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് നൗഫൽ ആവശ്യപ്പെട്ടു. എന്നാൽ പോകാൻ ഷഹാന തയ്യാറായില്ല. തുടർന്ന് നൗഫൽ വീട്ടിലെത്തി ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ ഷഹാന മുറിയിൽ കയറി വാതിലടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.