a

മാവേലിക്കര: അമ്പലപ്പുഴ കപ്പൂച്ചിൻ ആശ്രമത്തിൽ കുർബ്ബാനക്ക് വന്ന പുറക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിലായി​. ഭരണിക്കാവ് ലക്ഷം വീട് കോളനിയിൽ കൊടുവാര്യത്ത് തെക്കേത് വീട്ടിൽ പ്രവീൺ (32) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.

മോഷ്ടിച്ച വണ്ടിയിൽ പോകുമ്പോൾ കാറുകാരനുമായി തർക്കം ഉണ്ടാകുകയും തുടർന്ന് മാവേലിക്കര സ്റ്റേഷനിൽ കാർ ഉടമ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ മോഷണ വണ്ടിയുമായി പ്രവീൺ ഇവിടെ നിന്ന് മുങ്ങിയതിനാൽ ആളെ കണ്ടെത്താനായില്ല. ഇതേ ദിവസം തന്നെ ചവറ സ്റ്റേഷൻ പരിധിയിൽ പരിശോധനക്കിടെ വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് മാവേലിക്കരയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മാവേലിക്കരയിൽ ഓലകെട്ടിയമ്പലത്തിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് കരൂർ പാർട്ടി ഓഫീസിന് മുൻവശം ഇരുന്ന ബജാജ് പൾസർ ബൈക്ക് മോഷ്ടി​ച്ചതായും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളി​ൽ സമാനരീതി​യി​ലുള്ള നിരവധി മോഷണങ്ങൾ നടത്തി​യതായും ചോദ്യം ചെയ്യലി​ൽ ഇയാൾ സമ്മതി​ച്ചതായി​ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.