പഞ്ചസാര എന്ന് കേൾക്കുമ്പോഴും രുചിക്കുമ്പോഴും മധുരിക്കുമെങ്കിലും ആളൊരു വില്ലനാണ്. മധുരമില്ലാത്ത ചായയും കാപ്പിയുമൊക്കെ കഴിക്കുന്നത് പലർക്കും ചിന്തിക്കാൻ പോലുമാവില്ല. എന്നാൽ പഞ്ചസാര ഒഴിവാക്കിയാൽ നിങ്ങൾ ഏറെനാളായി പരിശ്രമിക്കുന്ന പല കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാനാവും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
ജീവിതശൈലീ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇതിൽ ഏറെപ്പേരും നേരിടുന്ന ഒന്നാണ് അമിതവണ്ണം. ഇന്ന് നഗരങ്ങളിലെ ഓരോ മുക്കിലും മൂലയിലും ജിമ്മുകളും ഹെൽത്ത് ക്ളബുകളുമുണ്ട്. ഇവിടെയെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യായാമത്തോടൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ലക്ഷ്യത്തിലെത്താനാവും. അതിലൊന്നാണ് പഞ്ചസാര പൂർണമായി ഒഴിവാക്കുകയെന്നത്. പഞ്ചസാര പൂർണമായി ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും.
പഞ്ചസാര കുറയ്ക്കുന്നത് തടി കുറയുന്നതിന് സഹായിക്കുന്നു. ശുദ്ധീകരിച്ച നിലയിലെ കാർബോഹൈഡ്രേറ്റിന്റെ രൂപത്തിൽ പഞ്ചസാര ശരീരത്തിലെത്തുന്നത് കലോറിയുടെ അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റീസ് പിടിപെടാൻ കാരണമാവുന്നു.
അമിതമായ അളവിൽ പഞ്ചസാര ഉള്ളിലെത്തുന്നത് ഹൃദ്രോഗങ്ങളെ വിളിച്ചുവരുത്തുന്നു. പഞ്ചസാര കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും, നീർവീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പഞ്ചസാര അമിതമായി കഴിക്കുന്നത് തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളെ സ്വാധീനിക്കുന്നു. പഞ്ചസാര കുറയ്ക്കുന്നത് മൂഡ് സ്വിംഗ്സ് ഒഴിവാക്കാൻ സഹായിക്കുകയും മൂഡ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
അമിതമായി പഞ്ചസാര കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളിലേയ്ക്കും നയിക്കുന്നു. അമിതവണ്ണം, ഹൃദ്രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്കുവരെ കാരണമാവുന്നു.
പഞ്ചസാര അമിത അളവിൽ ശരീരത്തിലെത്തുന്നത് നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് കാരണമാവുന്നു. കരൾസംബന്ധമായ പല രോഗങ്ങൾക്കും അമിതമായ പഞ്ചസാര കാരണമാവുന്നു.
അധികമായ പഞ്ചസാര ഉപയോഗം അകാലനര, മുഖക്കുരു പോലുള്ള ത്വക്ക് പ്രശനങ്ങൾക്കും കാരണമാവുന്നു. പാടുകളില്ലാത്ത ചർമം, കരിവാളിപ്പില്ലാത്ത നിറം എന്നിവ സ്വന്തമാക്കാൻ പഞ്ചസാര ഒഴിവാക്കിയാൽ മതി.
പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ദിവസം മുഴുവനും ഊർജസ്വലരായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.