
കോഴിക്കോട്: ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുതുകാട് വളയത്തു ജോസഫ് (77) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൻഷൻ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ജോസഫിന് വികലാംഗ പെൻഷൻ കിട്ടാതായിട്ട് മാസങ്ങളായെന്നാണ് വിവരം. പെൻഷൻ മുടങ്ങിയെന്നും ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് നേരത്തെ ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
കിടപ്പുരോഗിയാണ് ജോസഫിന്റെ മകൾ. ഇവർക്കും മാസങ്ങളായി പെൻഷൻ കിട്ടുന്നില്ല. അതേസമയം, പെൻഷൻ കിട്ടാത്തതിനാലാണ് ജോസഫ് തൂങ്ങിമരിച്ചതെന്ന് പറയാനാകില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഇതിനുമുമ്പ് ജോസഫ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരുന്നെന്നും ജീവിക്കാൻ സാധിക്കാത്ത നിലയിൽ ദാരിദ്ര്യമുണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.