
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സംഘം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി നേതൃത്വം നല്‍കിയ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ നേരിട്ട് വിശകലനം ചെയ്ത ശേഷമാണ് പ്രശംസ അറിയിച്ചത്.
കേരളത്തിലേതിന് സമാനമായ അടിസ്ഥാന സൗകര്യങ്ങളും, ഭൗതിക സാഹചര്യങ്ങളും രാജ്യത്ത് മറ്റൊരിടത്തും ഇപ്പോള്‍ നിലവില്ലെന്ന് സംഘം അഭിപ്രായപ്പെട്ടു. ആസ്പിറേഷന്‍ ജില്ലയായ വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സംഘം അതീവ സന്തുഷ്ടി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിലെ ജില്ലകളില്‍ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളേയും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളേയും കേന്ദ്ര സംഘം പ്രകീര്‍ത്തിച്ചു. തുടര്‍ന്നാണ് കേരളത്തില്‍ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയത്.
ആരോഗ്യ മേഖലയിലെ ജനകീയ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെയും കേന്ദ്ര സംഘം പ്രശംസിച്ചു. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍ വേണ്ട വിധത്തില്‍ ഡോക്യൂമെന്റേഷന്‍ നടത്തണമെന്ന് സംഘം നിര്‍ദ്ദേശിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നേരത്തെ, ജനുവരി 15 മുതല്‍ 20 വരെ എറണാകുളം, വയനാട് ജില്ലകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ എറണാകുളം, വയനാട് ജില്ലാ കളക്ടര്‍മാരുമായി സംഘം കൂടിക്കാഴ്ച്ച നടത്തി.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍, നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്ററിന്റെ പ്രതിനിധികള്‍, ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധികള്‍, കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സര്‍വീസിന്റെ പ്രതിനിധികള്‍ തുടങ്ങി 9 പ്രതിനിധികളാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, മണീട് കുടുംബാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. വയനാട് ജില്ലയില്‍ സി.എച്ച്.സി. അമ്പലവയല്‍, ബത്തേരി താലൂക്കാശുപത്രി, ട്രൈബല്‍ ആശുപത്രി നല്ലൂര്‍നാട്, എഫ്.എച്ച്.സി. നൂല്‍പ്പുഴ, എഫ്.എച്ച്.സി. പൊഴുതന എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
വയനാട് നല്ലൂര്‍നാട് എഫ്.എച്ച്.സി.യിലെ ഫിസിയോതെറാപ്പി സെന്റര്‍, ജിംനേഷ്യം, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ ലോകോത്തര മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലേയും ജനകീയ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സംഘം തൃപ്തി അറിയിച്ചു.