tennis

ആര്യാന സബലേങ്കയും സെമിഫൈനലിൽ

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മുൻനിര താരങ്ങളായ നൊവാക്ക് ജോക്കോവിച്ചും കൊക്കോ ഗൗഫും അര്യാന സബലേങ്കയും അവസാന നാലിലേക്ക് കടന്നു.

ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ക്വാർട്ടർ ഫ്രിറ്റ്സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് നിലവിലെ ചാമ്പ്യനായ നൊവാക്ക് സെമിയിലേക്ക് കടന്നത്. 12-ാം സീഡായ ടെയ്‌ലർക്കെതിരെ ഒന്നാം സീഡായ നൊവാക്ക് നാലുസെറ്റ് നീണ്ട പോരാട്ടത്തിന് ഒ‌ടുവിലാണ് വിജയം കണ്ടത്. സ്കോർ : 7-6(7/3),4-6,6-2,6-3. ഒൻപത് തവണ ഡ്യൂസ് വന്ന ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെ വിജയം കണ്ട നൊവാക്കിന് രണ്ടാം സെറ്റ് അടിയറവ് വയ്ക്കേണ്ടിവന്നു. എന്നാൽ അടുത്ത രണ്ട് സെറ്റുകളിൽ പരിചയസമ്പത്തിന്റെ പിൻബലത്താൽ 36കാരനായ നൊവാക്ക് ശക്തമായി തിരിച്ചടിച്ച് വിജയത്തിലെത്തി. മൂന്ന് മണിക്കൂർ 45 മിനിട്ടാണ് നൊവാക്കിന് വിജയിക്കാൻ വേണ്ടി വന്നത്.

നൊവാക്കിന്റെ 48-ാമത് ഗ്രാൻസ്ളാം സെമി ഫൈനലാണിത്. ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം സെമിഫൈനലുകൾ കളിച്ച താരമായ നൊവാക്ക് 24 കിരീട‌ങ്ങൾക്കുമുടമയാണ്.

ഇത് 11-ാം തവണയാണ് നൊവാക്ക് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തുന്നത്. ഇതിന് മുമ്പ് സെമിയിലെത്തിയ പത്ത് തവണയും നൊവാക്ക് കിരീ‌‌ടവും നേടിയിരുന്നു.

ഈ ഓസ്ട്രേലിയൻ ഓപ്പണിലെ മൂന്നാമത്തെ മത്സരത്തിലാണ് നൊവാക്കിന് നാലുസെറ്റ് കളിക്കേണ്ടിവരുന്നത്.

ഇത് ഒൻപതാം തവണയാണ് നൊവാക്ക് ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിക്കുന്നത്. ഒരിക്കൽപ്പോലും നൊവാക്കിനെ തോൽപ്പിക്കാൻ ടെയ്ലർക്ക് കഴിഞ്ഞിട്ടില്ല.

ഇന്നലെ നടന്ന വനിതാ വിഭാഗം ക്വാർട്ടർ ഫൈനലുകളിൽ വിജയിച്ച നിലവിലെ ചാമ്പ്യൻ അര്യാന സബലേങ്കയും നാലാം സീഡ് കൊക്കോ ഗൗഫുമാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. അമേരിക്കൻ താരമായ കൊക്കോ മൂന്ന് സെറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ ഉക്രേനിയൻ താരം മാർത്ത കോസ്ചുക്കിന്റെ വെല്ലുവിളിയാണ് മറികടന്നത്. മൂന്നുമണിക്കൂർ എട്ടുമിനിട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ 7-6(6/8),6-7(3-7),6-2 എന്ന സ്കോറിനായിരുന്നു കൊക്കോയുടെ ജയം. 19കാരിയായ കൊക്കോ ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തുന്നത്.

സബലേങ്ക ക്വാർട്ടറിൽ ഒൻപതാം സീഡ് ബാർബോറ ക്രേസിക്കോവയുടെ വെല്ലുവിളി മറികടന്നാണ് അവസാന നാലിലേക്ക് കടന്നത്. ഒരു മണിക്കൂർ 11 മിനിട്ടുകൊണ്ട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബെലാറൂസ് താരത്തിന്റെ വിജയം. സ്കോർ : 6-2,6-3. തുടർച്ചയായ ആറാം തവണയാണ് സബലേങ്ക ഗ്രാൻസ്ളാം സെമിയിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ യു.എ് ഓപ്പൺ ഫൈനലിൽ കൊക്കോയും സബലേങ്കയുമാണ് ഏറ്റുമുട്ടിയിരുന്നത്. അന്ന് കൊക്കോയ്ക്കായിരുന്നു ജയം.